കണ്ണൂർ: യുവതിയെ കണ്ണൂരിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയും സുഹൃത്തിന് കൈമാറി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്. കണ്ണൂർ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. പാണപ്പുഴ – കടന്നപ്പള്ളി പഞ്ചായത്തിലെ 30കാരിയുടെ പരാതിയിലാണ് ഭർത്താവ് അൻവർ, കണ്ടാലറിയാവുന്ന ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 21ന് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്കും 1.30 മണിക്കുമിടയിലാണ് സംഭവം
സഹായ വാഗ്ദാനം നൽകി യുവതിയെ ഭർത്താവ് കണ്ണൂരിലെ പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ വെച്ച് ഇയാൾ ബലാത്സംഗത്തിനിരയാക്കുകയും പിന്നീട് മുറിയിൽ നിന്ന് പുറത്തേക്ക് പോയ ഇയാൾ സുഹൃത്തിനെ മുറിലേക്ക് കടത്തിവിടുകയും ചെയ്തു. യുവതിയെ പീഡിപ്പിച്ച ശേഷം സുഹൃത്ത് കടന്നുകളയുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവുമായി നേരത്തെ അസ്വാരസ്യമുള്ളതിനാൽ യുവതി മാറി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് സഹായ വാഗ്ദാനം നൽകി കണ്ണൂരിലേക്ക് വിളിപ്പിച്ചത്. സുഹൃത്തിൽ നിന്ന് പണം വാങ്ങിയ ശേഷം ഭാര്യയെ കാഴ്ചവെച്ചതാണോ എന്നതുൾപ്പെടെ അന്വേഷിച്ചു വരികയാണ്.