തെന്മല : ചെക്ക്പോസ്റ്റിൽ വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ.ക്ക് സസ്പെൻഷൻ. ചെങ്കോട്ട പുളിയറ പോലീസ് സബ് ഇൻസ്പെക്ടർ ജെയിംസിനെതിരെയാണ് വകുപ്പ് നടപടി എടുത്തത്. കൈക്കൂലി ആവശ്യപ്പെട്ട സമയം കൂടെയുണ്ടായിരുന്ന രണ്ടുപോലീസുകാരെ സായുധസേനയിലേക്ക്
മാറ്റുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ തെങ്കാശി എസ്.പി. സാംസൺ ആണ് നടപടി സ്വീകരിച്ചത്. ചെങ്കോട്ടയിൽനിന്ന് വൈക്കോലുമായി കേരളത്തിലേക്ക് വന്ന ലോറിയിൽ അമിതലോഡുണ്ടെന്നു ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജെയിംസ് 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10-നാണ് സംഭവം.
താൻ ഇപ്പോഴും 100 രൂപയാണ് നൽകുന്നതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ 500 രൂപവേണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ ലോറി ഡ്രൈവർ ഈ സംഭവം മുഴുവൻ മൊബൈലിൽ ചിത്രീകരിച്ചു. ശേഷം ഇത് എസ്.പി.ക്ക് അയച്ചു നൽകി. പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയായിരുന്നു.
പുളിയറ ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പ്രതിദിനം ആയിരത്തോളം വാഹനങ്ങൾ എത്തുന്നുണ്ട്. ഇതിൽ ഏറിയപങ്കും ചരക്കുവാഹനങ്ങളാണ്. എന്നാൽ കാര്യമായ പരിശോധനകൾ ഒന്നും തന്നെ നടക്കാറില്ല.