കൊണ്ടോട്ടി: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരാൾ മുൻ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാൾ മുൻ അദ്ധ്യാപകനുമാണ്. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശിയായ പ്രദീപ് നായർ (62), കോന്നി ഇരവോൺ സ്വദേശിയും അരുവാപ്പുരം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പാഴൂർ പുത്തൻ വീട്ടിൽ ടി.പി കുമാർ(63). മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്.
കൊണ്ടോട്ടിയിലെ ഒരു ലോഡ്‌ജിൽനിന്നാണ് ഇവരെ ബുധനാഴ്‌ച വൈകിട്ടോടെ പിടികൂടിയത്. മലപ്പുറം സ്വദേശിക്ക് വിഷം വിൽക്കാനാണ് ഇവർ എത്തിയത്. ഇവരെ വിശദമായ ചോദ്യം ചെയ്യുകയാണ്. പിന്നീട് വനംവകുപ്പിന് കൈമാറും.
ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇവർക്ക് വിഷം എത്തിച്ചുനൽകിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.