ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തിനായി ഇപ്പോൾ താരങ്ങൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പരിക്ക് കാരണം പല പ്രധാന കളിക്കാരും ടീമിന് പുറത്താണ്. ഏകദിന ലോകകപ്പ് നടക്കുന്ന വർഷമായതിനാൽ ടീമിൽ സ്ഥാനം പിടിക്കാൻ കളിക്കാരും പരമാവധി ശ്രമിക്കുന്നുണ്ട്.
പ്രധാന ബാറ്റർമാരായ കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, പേസർ ജസ്പ്രീത് ബുംറ എന്നിവരെല്ലാം പരിക്കിൻെറ പിടിയിലാണ്. ഇവരിൽ ചിലർ ലോകകപ്പ് ടീമിൽ എത്തുമെന്ന് പോലും ഉറപ്പിക്കാനാവില്ല. ലോകകപ്പിന് മുമ്പ് ഇവരിൽ ആരെല്ലാം ടീമിലേക്ക് തിരിച്ചെത്തുമെന്ന് കണ്ടറിയണം.
ഐപിഎൽ മത്സരത്തിനിടെയാണ് രാഹുൽ പരിക്കേറ്റ് പുറത്തായത്. ലക്നോ സൂപ്പർ ജയൻറ്സിൻെറ നായകനായിരുന്ന താരത്തിന് ആർസിബിക്കെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. വൈകാതെ രാഹുൽ തിരിച്ചെത്തുമെന്നാണ് സൂചനകൾ.
പരിക്കിൽ നിന്ന് മോചിതനായ രാഹുൽ ഏഷ്യാകപ്പിൽ കളിക്കുമെന്നാണ് സൂചനകൾ. മോശം ഫോം കാരണം താരത്തിന് നേരത്തെ ഇന്ത്യൻ ടീമിൻെറ ഉപനായക സ്ഥാനവും ടെസ്റ്റ് ടീമിലെ സ്ഥാനവുമെല്ലാം നഷ്ടമായിരുന്നു.
ആഗസ്ത് – സെപ്തംബർ മാസങ്ങളിലായാണ് ഏഷ്യാ കപ്പ് നടക്കുക. രാഹുലും ബുംറയും ഏഷ്യാകപ്പിൽ കളിച്ചേക്കും. അങ്ങനെയെങ്കിൽ ലോകകപ്പ് ടീമിലും ഇരുവരും പരിഗണിക്കപ്പെടും. രാഹുൽ ഇപ്പോൾ തന്നെ നെറ്റ്സിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. അത് ഇന്ത്യൻ ടീമിന് ആശ്വാസം പകരുന്ന വാർത്തയാണ്
രാഹുൽ കായികക്ഷമത തെളിയിച്ചിട്ട് വേണം ടീമിലേക്ക് തിരിച്ചെത്താൻ. രാഹുലിന് പുറമെ ശ്രേയസ് അയ്യരും ഋഷഭ് പന്തും പരിക്ക് കാരണം പുറത്തായതിനാൽ ഏകദിന ടീമിൽ മധ്യനിരയിൽ താരങ്ങളുടെ കുറവുണ്ട്. സൂര്യകുമാർ യാദവിന് ഇത് വരെ ഏകദിന ഫോർമാറ്റിൽ തിളങ്ങാനും കഴിഞ്ഞിട്ടില്ല.
സഞ്ജു സാംസണും ഇഷാൻ കിഷനും രാഹുലിനും ഋഷഭ് പന്തിനും പകരക്കാരായി ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിലും ഇരുവരും സ്ഥാനം പിടിച്ചിട്ടുണ്ട്.