കാസർകോട്: അമിതവേഗതയിൽ സഞ്ചരിച്ച മോട്ടോർ ബൈക്കിലെ യാത്രികൻ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല വലിച്ചെടുത്തു പൊട്ടിക്കാൻ ശ്രമിച്ചു. അപകടത്തിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് മുക്കുപ്പണ്ടമായതിനാൽ യുവതി പോലീസിൽ പരാതിപ്പെട്ടില്ല. മേൽപ്പറമ്പ അണിഞ്ഞയിലാണ് കഴിഞ്ഞദിവസം പിടിച്ചുപറി സംഭവം അരങ്ങേറിയത്. അതേസമയം ഇതിൻെറ സിസിടിവി ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വീട്ടുസാധനങ്ങളുമായി ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെയാണ് അക്രമം ഉണ്ടായത്. എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് നിർത്താതെ തന്നെ പെട്ടെന്ന് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ യുവതി റോഡിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു. എന്നാൽ മാല പൊട്ടിച്ചെടുക്കാൻ സാധിച്ചില്ല. യുവതി ബഹളം വച്ചതോടെ അക്രമി ബൈക്കിൽ തന്നെ രക്ഷപ്പെടുകയും ചെയ്തു. പിടിച്ചുപറി ശ്രമത്തിനിടെ യുവതി വലിയ അപകടത്തിൽ നിന്നുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചുവെങ്കിലും പരാതി നൽകാൻ അവർ തയ്യാറായില്ല. നേരത്തെയും ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന സംഭവം പരിസരപ്രദേശങ്ങളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ അഞ്ചോളം സ്ത്രീകളുടെ മാല മോഷണം പോയിട്ടുണ്ട്. മാല മോഷ്ടിച്ച ബൈക്ക് യാത്രികരോട് എന്തിനാ എന്റെ മുക്കുപണ്ടം എന്ന് ചോദിച്ചു സ്വർണ്ണമാല തിരിച്ചു വാങ്ങിയ സംഭവം വരെ നടന്നിരുന്നു. പൂച്ചക്കാട് തെക്കുപുറം സ്വദേശി പി. കുഞ്ഞിരാമന്റെ ഭാര്യ കെ നാരായണി( 73 )യാണ് തന്ത്രപരമായ ഇടപെടിലൂടെ പിടിച്ചുപറിക്കാരനില്‍ നിന്നും സ്വർണ മാല തിരിച്ചു പിടിച്ചത്.