തൃശൂർ: ശക്തമായ മഴയെ തുടർന്ന് വടക്കാഞ്ചേരി നഗരത്തിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വടക്കാഞ്ചേരി കുമ്പളങ്ങാട് റോഡിൽ രാം മന്ദിർ ലൈനിൽ ബ്രാഹ്മണ സഭാ ഹാളിന് സമീപം പത്മരസിൽ വീട്ടിൽ വിശ്വനാഥന്റെ ആൾമറയുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമാണ് സംഭവം. കിണറ്റിൽ ആരോ വീണതാണെന്നാണ് ആദ്യം കരുതിയതെന്ന് വീട്ടുകാർ പറഞ്ഞു. ഓടിയെത്തി നോക്കിയപ്പോൾ വെള്ളം ശക്തമായി ഓളമടിക്കുകയായിരുന്നു. ആൾമറയടക്കം പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. കുളിമുറിയുടെ അടിഭാഗവും താഴ്ന്നുപോയെന്നും വീട്ടുകാർ പറഞ്ഞു.
അപകടസമയത്ത് വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും കിണറിന് സമീപം ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കിണറിനോട് ചേർന്നുള്ള വീടിന്റെ ഒരു മൂലയും ഇടിഞ്ഞുതാഴ്ന്നു.