Headlines

വീണ്ടും പനിമരണം, വയനാട്ടിൽ മൂന്ന് വയസ്സുകാരൻ മരിച്ചു, ഒരാഴ്ചക്കിടെ മരിച്ചത് 2 കുഞ്ഞുങ്ങൾ!

വയനാട് : സംസ്ഥാനത്ത് പനിമരണം ഉയരുന്നു. വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ബാധിച്ചിരുന്നു.


കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിക്കാണ് ജില്ലയിൽ പനി ബാധിച്ച് ജീവൻ നഷ്ടമാകുന്നത്. രണ്ട് ദിവസം മുമ്പാണ് വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്.

പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര. അതേസമയം പനിക്കൊപ്പം ഗുരുതര ഉദരസംബന്ധമായ രോഗങ്ങളും സംസ്ഥാനത്ത് പെരുകുന്നതായി ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. പനി വ്യാപനം കുട്ടികളിലും വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.


അൻപതിനായിരത്തിലേറെ പേരാണ് ഈ മാസം മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുണ്ടായ കാരണം. പനിക്ക് പുറമെ ഉദരസംബന്ധമായ രോഗങ്ങൾ ബാധിച്ച് ഈ മാസം മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 50,346 പേരാണ്.


രോഗം ഭേദമായതിന് ശേഷം അതേയാൾക്ക് പനി വീണ്ടും വരുന്നതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രോഗം പടർന്നതിന് ശേഷം അവസാന ഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് പ്രയോചനം ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *