Headlines

പനിക്ക് എടുത്ത ഇഞ്ചക്ഷനിൽ കാൽ തളർന്നു, പക്ഷെ മനസ് തളർന്നില്ല; പേശീബലം കൊണ്ട് മിസ്റ്റർ വേൾഡായ രാജേഷ് ജോൺ!

മൂന്നാം വയസ്സിലുണ്ടായ ഒരു പനിയാണ് രാജേഷ് ജോണിന്റെ തലവരമാറ്റിയത്. അന്ന് നൽകിയ ഇഞ്ചക്ഷൻ വെയിൻ മാറി കുത്തുകയായിരുന്നു. ഇതോടെ ഇടതുകാൽ തളർന്നു. എന്നാൽ, മനസ് മാത്രം തളർന്നില്ല, പോരാട്ടവീര്യം ചോർന്ന് പോകാതെ അദ്ദേഹം പൊരുതി. 2016ൽ നടന്ന അംഗപരിമിതരുടെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ഒന്നാമനായിരുന്നു കൊല്ലം മെതുകുമ്മേൽ ഉമ്മരപ്പള്ളിയിൽവീട്ടിൽ ജോൺ ഓമന ദമ്പതിമാരുടെ മകൻ രാജേഷ് ജോൺ.

ഇപ്പോഴിതാ യുഎസിൽ നടക്കാനിരിക്കുന്ന മിസ്റ്റർ ഒളിമ്പിയ മത്സരം എന്ന സ്വപ്നത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ശാരീരിക വൈകല്യങ്ങളെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ടതിന്റെp കഥയാണ് രാജേഷ് ജോണിന് പറയാനുള്ളത്

തന്റെ കാലുകളുടെ ചലനം തിരികെ ലഭിക്കുന്നതിന് ഏറെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആയുർവേദ ചികിത്സയിലാണ് പൂർണമായി വീണുപോകാതിരുന്നത്. കാലിപ്പറിന്റെ സഹായത്തിലാണ് നടക്കുന്നത് എന്നാണ് രാജേഷ് പറയുന്നത്.

മാർഷ്യൽ ആർട്ട്സ് പരിശീലിച്ചിരുന്ന സഹോദരൻ വീട്ടിൽ വാങ്ങിയിട്ടിരുന്ന ഡമ്പൽസും വെയ്റ്റുകളും ഒരു കൗതുകത്തിന് ഉപയോഗിച്ച് നോക്കിയാണ് ബോഡി ബിൽഡിങ് മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. അങ്ങനെ ജിമ്മിൽ പോകണമെന്ന ആഗ്രഹം തന്റെ ഉള്ളിൽ പൊട്ടിമുളയ്ക്കുകയും അടുത്തുള്ള ജിമ്മിൽ സുഹൃത്തുക്കളുടെ സഹായത്തോടെ പോയി തുടങ്ങുകയും ചെയ്തു. അങ്ങനെ ബോഡി ബിൽഡിങ് ഒരു ലഹരിയായി മാറി.” രാജേഷ് സമയം മലയാളത്തോട് പറയുന്നു

ജിമ്മിൽ വച്ച് ഇപ്പോഴത്തെ ഡബ്ല്യുഎഫ്എഫ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ വി സിയെ പരിചയപ്പെട്ടത്. ഇത് തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. അദ്ദേഹമാണ് പ്രഫഷണൽ ആയി ഈ മേഖലയെ സമീപിക്കാൻ പ്രചോദനമായത്. കേരളാ പോലീസിന്റെ കോച്ച് അരുൺ രാജിന്റെ കൃത്യമായ ശിക്ഷണമാണ് ഇത്രയും നേട്ടങ്ങൾ കൈവരിക്കാൻ സഹായകമായത്”. രാജേഷ് പറയുന്നു.

ഈ വിഭാഗത്തിൽ ശാരീരിക പരിമിതകൾ ഉള്ളവർക്ക് മറ്റു രാജ്യങ്ങളിൽ ലഭിക്കുന്നത് പോലെ ഒരു സ്വീകാര്യത ഇന്ത്യയിൽ ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “പലയിടങ്ങളിലും ബോഡി ബിൽഡിങ് മത്സരങ്ങൾക്കിടയിൽ ഒരു പ്രദർശനം എന്നതിൽ കവിഞ്ഞ പ്രാധാന്യം ഈ വിഭാഗത്തിന് കിട്ടിയിരുന്നില്ല. ഭിന്നശേഷി വിഭാഗത്തിൽ നിന്നും ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ വളരെ വിരളമായി മാത്രമേ ലഭിക്കുന്നുള്ളൂ.”

എന്നാൽ ഈ അടുത്ത കാലത്തായി ഇതിനൊരു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. വീൽചെയർ മത്സരങ്ങൾക്ക് പ്രാധാന്യം വന്നു തുടങ്ങിയിട്ടുണ്ട്. ശരിയായ പരിഗണന ലഭിച്ചാൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും ധാരാളം സുഹൃത്തുക്കൾ ഈ മേഖലയിലേക്ക് കടന്നുവരും. അവർക്ക് ഒരു പ്രചോദനമാവുക എന്നതാണ് എന്റെ ലക്ഷ്യവും” രാജേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *