സ്വന്തം സിനിമ റിലീസ് ചെയ്യുന്ന ദിവസം സംവിധായകൻ തിയേറ്ററിൽ സ്‌ത്രീ വേഷത്തിൽ എത്തി. സംവിധായകൻ രാജസേനൻ ആണ് കൊച്ചിയിലെ തിയേറ്ററിൽ സ്ത്രീ വേഷമണിഞ്ഞു എത്തുന്നത്. രാജസേനൻ സംവിധാനം ചെയ്ത ‘ഞാൻ പിന്നെയൊരു ഞാനും’ എന്ന സിനിമയുടെ റിലീസ് ദിവസമാണ് രാജസേനൻ മേയ്‌ക്കോവറിൽ എത്തുന്നത്.
രാജസേനന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു വരുകയാണ്. അഞ്ച് വർഷത്തിന് ശേഷം രാജസേനൻ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ‘ഞാൻ പിന്നെയൊരു ഞാനും’ എന്ന സിനിമയുടെ വരവ്. സിനിമകളുടെ വിജയത്തിനായും പ്രചാരത്തിനായും പത്ര സമ്മേളനങ്ങളും, ക്യാമ്പസ് പരിപാടികളും സംഘടിപ്പിക്കുന്നത് ഇപ്പോൾ ഒരു സ്റ്റൈലായിരിക്കുകയാണ്. ഇതിനിടെയാണ് പുത്തൻ പ്രചാര രീതിയുമായി സംവിധായകൻ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രെെവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവർ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ തുളസീധര കെെമളിനെ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകനായ രാജസേനൻ തന്നെയാണ്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ.