എറണാകുളം : മൂവാറ്റുപുഴ പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേർ പിടിയിൽ. നിലമ്പൂരിൽ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വിൽക്കാനായിരുന്നു ശ്രമം. വീട് വളഞ്ഞാണ് പ്രതികളെ വനം വകുപ്പ് പിടികൂടിയത്. കഴഞ്ഞ ദിവസമായിരുന്നു സംഭവം. പട്ടിമറ്റം സ്വദേശികളായ രണ്ടുപേർ ചേർന്നാണ് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചത്.
ആലപ്പുഴ മാവേലിക്കര സ്വദേശികളായ രണ്ടുപേരാണ് കൊമ്പ് വാങ്ങാനായി എത്തിയത്. ഇവരും പിടിയിലാവുകയായിരുന്നു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ, പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ്, മേക്കപ്പാല ഫോറസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് നാലുപേരും കുടുങ്ങിയത്. പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരാണ് പിടിയിലായത്.
പിടിയിലായ അനീഷിന്റെ തറവാട് വീട്ടിൽ വെച്ച് ആലപ്പുഴ സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖിൽ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്. ഏറെ അന്വേഷിച്ചാണ് ആലപ്പുഴയിൽ നിന്ന് ഇടപാടുകാരെ കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. കൊമ്പ് വാങ്ങാൻ ആലപ്പുഴയിൽ നിന്ന് കാറിലാണ് ശ്യാംലാലും അനീഷും എത്തിയത്. ആനക്കൊമ്പ് പുറത്തെടുത്ത് ഇടപാട് സംസാരിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട് വളയുകയായിരുന്നു. ഇടപാടുകാരെത്തിയ കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.