ഭോപ്പാൽ: അരിവാൾ രോഗ (സിക്കിൾ സെൽ അനീമിയ) നിർമ്മാർജ്ജന ദൗത്യം 2047 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അരിവാൾ രോഗം തുടച്ചു നീക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ലാൽപൂരിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം അരിവാൾ രോഗ നിർമാർജനത്തിന് തുടക്കമിട്ടത്.
അരിവാൾ രോഗം കൂടുതലായി പിടിപെടുന്നത് വനവാസി സമൂഹത്തിനാണ്. രോഗം നിർമാർജ്ജനം ചെയ്യാൻ ഒരു ക്യാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്‌ക്ക് കീഴിൽ ഏകദേശം 3.57 കോടി ഡിജിറ്റൽ കാർഡുകളും ഒരു കോടിയിലധികം ആയുഷ്മാൻ ഭാരത് കാർഡുകളും പ്രധാനമന്ത്രി വിതരണം ചെയ്തു.
2047 ആവുമ്പോഴേക്ക് അരിവാൾ രോഗം ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 1-ന് അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് ധനകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു.
ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ വരാം എന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്. രക്തപരിശോധനയിലൂടെയാണ് സിക്കിൾ സെൽ അനീമിയ നിർണ്ണയിക്കുന്നത്. മലേറിയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണ്. ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് ഈ അസുഖം അധികവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഹീമോഗ്ലോബിൻ ഇലക്‌ട്രോഫോറെസിസ് എന്നറിയപ്പെടുന്ന ഒരു രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിയാം. ഈ രോഗത്തിനുള്ള സമ്പൂർണ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഒരു സ്റ്റെം സെൽ അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. എന്നിരുന്നാലും, ഫോളിക് ആസിഡ് ഗുളികകളുടെയും ചില ദ്രാവകങ്ങളുടെയും സഹായത്തോടെ അതിന്റെ ആഘാതവും ലക്ഷണങ്ങളും കുറയ്ക്കാൻ കഴിയും