Headlines

ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ!

പതിനാലാമത് സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് ആതിഥേയരായ ഇന്ത്യ‌‌. ബംഗളൂരുവിലെ ശ്രീ ക‌ണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് (സ്കോർ 4-2) ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോൾരഹിതമായി തുടർന്നതിനെത്തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടി വന്നത്.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്തത് സൂപ്പർ താരം സുനിൽ ഛേത്രി. പിഴവുകളില്ലാതെ താരം പന്ത് വലയിലെത്തിച്ചു. ലെബനന് വേണ്ടി കിക്കെടുത്ത ഏഴാം നമ്പർ താരത്തിന് പിഴച്ചു. ഇന്ത്യയ്ക്ക് മുൻ തൂക്കം. രണ്ടാം കിക്കെടുത്ത അൻവർ അലിക്കും പിഴച്ചില്ല. ഇന്ത്യ 2-0 ന് മുന്നിൽ. രണ്ടാം കിക്ക് ലെബനൻ താരം വലയിലെത്തിച്ചു. ആതിഥേയർക്ക് വേണ്ടി നവോറം മഹേഷ് സിങും കിക്ക് വലയിലെത്തിച്ചു. മറുവശത്ത് ലെബനനും മൂന്നാം കിക്ക് ഗോളാക്കി. ഉദാന്ത നാലാമത് കിക്കും വലയിലെത്തിച്ചതോടെ ഇന്ത്യ 4-2 ന് മുന്നിൽ. ലെബനന് വേണ്ടി നാലാമത് കിക്കെടുത്ത താരം പന്ത് പുറത്തേക്കടിച്ചു കളഞ്ഞതോടെ ഇ‌ന്ത്യ സാഫ് കപ്പിന്റെ ഫൈനലിൽ. സ്കോർ (4-2).

ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്തു കൊണ്ടാണ് ഇന്ത്യ ഈ വർഷത്തെ സാഫ് കപ്പിന് തുടക്കം കുറിച്ചത്. മറുപടിയില്ലാത്ത 4 ഗോളുകൾക്കായിരുന്നു വിജയം. സുനിൽ ഛേത്രിയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ പ്രത്യേകത. രണ്ടാമത്തെ കളിയിൽ ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തി‌. ഏകപക്ഷീയമായ ര‌ണ്ട് ഗോളുകൾക്കായിരുന്നു അയൽക്കാർക്കെതിരെ ഇന്ത്യയുടെ വിജയം. സുനിൽ ഛേത്രിയും, നവോറം മഹേഷ് സിങുമായിരുന്നു ഈ കളിയിൽ ഇന്ത്യയുടെ വിജയഗോളുകൾ നേടിയത്. മൂന്നാം മത്സരത്തിൽ കരുത്തരായ കുവൈറ്റിനോട് ഇന്ത്യ സമനിലയിൽ (1-1) പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *