കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടിയ ദമ്പതികളിൽ ഭാര്യയെ രക്ഷപ്പെടുത്തി. കാണാതായ ഭർത്താവിനായി തെരച്ചിൽ തുടരുന്നു. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ഇന്നു രാവിലെ പത്തരയോടെ പുഴയിൽ ചാടിയത്.
കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതാണ് ഇരുവരുമെന്നാണ് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ ഫറോക്ക് പോലീസിനു ലഭിച്ച വിവരം. ഇവർ ഫറോക്കിലെത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
പാലത്തിന്റെ തൂണിനു സമീപത്തുനിന്നു വർഷയെ തോണിക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. എന്നാൽ അടിയൊഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിൻ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. കോസ്റ്റൽ പോലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കരയ്ക്കെത്തിച്ച വർഷയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.