Headlines

മലയാളത്തില്‍ നായകനായി വിജയ് യേശുദാസ്!

ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്ന 7 ഭാഷകളില്‍ റിലീസ് ചെയ്യുന്ന സാല്‍മണ്‍ 3ഡി എന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രവുമായി വിജയ് യേശുദാസ്. വിജയ് നായകനാകുന്ന ആദ്യത്തെ മലയാള ചിത്രമാണിത്. മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രത്തില്‍ വിജയ് പാടി അഭിനയിക്കുന്ന സവിശേഷതയും ചിത്രത്തിനുണ്ട്.


സര്‍ഫറോഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ദുബായിലെ ഒരു ബിസിനസ് കുടുംബത്തില്‍ അനാഥനായി വളര്‍ന്ന സര്‍ഫറോഷ് ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടുന്നു, പിന്നീട് അയാള്‍ വലിയൊരു കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുന്നു. ജീവിതത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ വില കൊടുക്കുന്ന, ജീവിതം ആസ്വദിക്കുന്ന, പാട്ട് ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം. സൃഹൃത്ബന്ധത്തിന്റെ കഥയുമാണ്. സമാന്തരമായി ഹൊറര്‍ രംഗങ്ങളും വന്നുപോകുന്നു. വളരെ ലളിതമായ കഥയും കഥാപാത്രവുമാണെന്നാണ് സാല്‍മണിലെ കഥാപാത്രത്തിന്റെ പ്രത്യേകതയായി വിജയ് പുതിയ അഭിമുഖത്തില്‍ പറയുന്നു.

പാന്‍ ഇന്ത്യന്‍ സിനിമയാകുമ്പോള്‍ വെല്ലുവിളികള്‍ ഏറെയല്ലേ എന്ന ചോദ്യത്തിന് വിജയുടെ മറുപടി ഇങ്ങനെ: ഞാന്‍ പാടുന്നത് ഒരു ഭയങ്കര പാട്ടാണെന്നും അത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും എന്നൊന്നും ഒരിക്കലും പറയാറില്ല. സാല്‍മണിലെ അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഞാന്‍ ചെയ്ത വര്‍ക്ക് എന്റെ പ്രതീക്ഷയ്ക്കും അപ്പുറമാണോ അല്ലയോ എന്നേ നോക്കാറുള്ളു. ഒരു പാട്ട് ഞാന്‍ പാടിയ സമയത്തുള്ള ഫീല്‍ ആയിരിക്കില്ലല്ലോ അത് പുറത്തിറങ്ങുമ്പോള്‍ കിട്ടുന്നത്. അതുപോലെ ഈ സിനിമയുടെ നിര്‍മ്മാണഘട്ടം പോലെയായിരിക്കില്ല റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാവുക. അഭിനയത്തിന്റെ മാത്രമല്ല പാട്ടിന്റെ കാര്യത്തിലും ഞാന്‍ ചെയ്ത ജോലിയ്ക്ക് നല്ലൊരു ഫലം ലഭിക്കണമെന്ന ആഗ്രഹം ഉണ്ടാകും.


ഒരു പാട്ടോ സിനിമയോ കിട്ടാന്‍ വേണ്ടി ഞാന്‍ അധികം ആരെയും സമീപിക്കാറില്ല. സെല്‍ഫ് പ്രൊമോഷന്‍ ചെയ്യുന്ന കൂട്ടത്തിലല്ല. പാട്ടുകള്‍ ചോദിച്ചു വാങ്ങുന്ന കാര്യത്തില്‍ ഞാന്‍ വളരെ പിറകോട്ടാണ്. പിന്നെ പരിപാടികളുടെയും റെക്കാര്‍ഡിംഗുകളുടെയും തിരക്കുള്ളത് കൊണ്ടും അതിന്റേതായ ഇടവേള ഉണ്ടാവുന്നു എന്നത് സ്വഭാവികം മത്രമാണ്.


തുടക്കകാലത്ത് അഭിനയിക്കാന്‍ എനിക്ക് കുറച്ച് അവസരങ്ങള്‍ വന്നിരുന്നു. അന്ന് അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അപ്പ പറഞ്ഞത്, ഒരു കാര്യത്തില്‍ നമ്മള്‍ ഉറച്ചു നിന്നാല്‍ പിന്നെ അവിടെ നിന്ന് വളര്‍ന്നു വരാന്‍ എളുപ്പം ആയിരിക്കും എന്നാണ്. അന്ന് ഞാന്‍ അത് അനുസരിക്കേണ്ടി വന്നു. ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിപ്പോള്‍ നല്ലൊരു സിനിമാതാരം ആയേനെ എന്ന് തോന്നിയിട്ടുണ്ട്. നടക്കേണ്ടതായ രീതിയില്‍ എല്ലാം നടക്കും. ഒന്നും നമ്മുടെ കൈയിലല്ല. വിജയ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *