Headlines

ഭാര്യയ്ക്കൊപ്പം പുഴയിൽ ചാടിയ യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ!

ഫറോക്ക്: ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം സ്വദേശി ജിതിൻ (31) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.45നു ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്തുനിന്നാണ് ജിതിൻ്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഞായറാഴ്ച്ച രാവിലെ 10 മണിയോടെയാണ് ജിതിനും ഭാര്യ വർഷയും ഫറോക്ക് പാലത്തിൽനിന്നു ചാലിയാറിലേക്ക് ചാടിയത്. ഒഴുക്ക് കൂടുതലുള്ള ഭാഗത്തേക്ക് വീണ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. പാലത്തിന്റെ തൂണിന് സമീപം കണ്ടെത്തിയ വർഷയെ തോണിക്കാർ ചേർന്നു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു

ഇരുവരും പാലത്തിൽനിന്നും ചാടുന്നതു ലോറി ഡ്രൈവറാണ് ആദ്യം കണ്ടത്. തുടർന്ന്, ഇയാൾ ബഹളം വെക്കുകയും ആളെ കൂട്ടുകയും ചെയ്തു. ലോറി ഡ്രൈവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപ്പെട്ടത്. ജിതിന് കയറിൽ പിടികിട്ടാതെ ഒഴുകിപ്പോകുകയായിരുന്നു. ജിതിൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത് എല്ലാവരും കണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു.

ആറുമാസം മുൻപാണ് ജിതിനും വർഷയും വിവാഹിതരായത്. കുടുംബപ്രശനത്തെ തുടർന്ന് ഇവർ ശനിയാഴ്ച രാത്രി വീട്ടിൽനിന്നു ഇറങ്ങിപ്പോകുകയായിരുന്നുവെന്നു സംഭവസ്ഥലത്തു എത്തിയ ഫറോക്ക് എസിപി പറഞ്ഞിരുന്നു. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വർഷ അപകടനില തരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *