റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിൽ പുതിയൊരു ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ജിയോ ഭാരത് 4ജി ഫോണാണ് (Jio Bharat Phone)ഇത്തവണ കമ്പനി പുറത്തിറക്കിയത്. ജിയോയുടെ “2ജി-മുക്ത ഭാരത് ‘ എന്ന ലക്ഷ്യത്തിന് വേഗത പകരുന്നതിനായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത് എന്ന് കമ്പനി അറിയിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശഷതകളുമായി വരുന്ന ജിയോ ഫോണുകളിൽ വച്ച് ഏറ്റവും വില കുറഞ്ഞ ഫോണാണ് ജിയോ ഭാരത് ഫോൺ. കാർബണുമായി ചേർന്ന് ജിയോ പുറത്തിറക്കുന്ന രണ്ട് ഭാരത് ഫോൺ മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോ ഭാരത് ഫോണുകൾ’ നിർമ്മിക്കുന്നതിനായി മറ്റ് ബ്രാൻഡുകളും ഉടൻ തന്നെ ‘ജിയോ ഭാരത് പ്ലാറ്റ്‌ഫോം’ ഉപയോഗിക്കുമെന്ന് റിലയൻസ് ജിയോ വ്യക്തമാക്കി. ഇതിലൂടെ കൂടുതൽ വില കുറഞ്ഞ മൊബൈൽ ഫോണുകൾ പുറത്തിറക്കാനായി മറ്റ് പല ബ്രാൻഡുകളും ജിയോയുമായി സഹകരിക്കുമെന്ന് വ്യക്തമാണ്. ഏകദേശം 1 ദശലക്ഷം യൂണിറ്റുകൾ ഉൾപ്പെടുന്ന ആദ്യ സെറ്റ് ജിയോ ഭാരത് ഫോണുകൾ 2023 ജൂലൈ 7 മുതൽ വിൽപ്പനയ്‌ക്കെത്തും. രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. 999 രൂപയാണ് ഫോണിന്റെ വില.
പുതുതായി പുറത്തിറക്കിയ ജിയോ ഭാരത് ഫോൺ വിപണിയിലുള്ള മറ്റ് ഫീച്ചർ ഫോണുകളെപോലെ തന്നെയാണ്. എന്നാൽ ഇതൊരു സ്‌മാർട്ട് 4ജി ഫോണാണ്. സ്‌ക്രീനിന് താഴെ കീപാഡും ഭാരത് ബ്രാൻഡിങ്ങുമായിട്ടാണ് ഫോൺ വരുന്നത്. പിൻ പാനലിൽ സ്പീക്കറും ക്യാമറയും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വിളിക്കാനും ഫോട്ടോകൾ ക്ലിക്ക് ചെയ്യാനും ജിയോപേ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താനും ജിയോ ഭാരത് ഫോണിലൂടെ സാധിക്കും. ജിയോസിനിമ, ജിയോസാവൻ, എഫ്എം റേഡിയോ എന്നിവയും ഫോണിൽ സപ്പോർട്ട് ചെയ്യുന്നു.
ജിയോ ഭാരത് ഫോണിന്റെ രണ്ട് മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ ഫോണിന്റെ പിൻ കവറിൽ “ജിയോ” ബ്രാൻഡ് ലോഗോയാണ് നൽകിയിട്ടുള്ളത്. രണ്ടാമത്തെ മോഡലിൽ “കാർബൺ” ലോഗോ നൽകിയിട്ടുണ്ട്. നീല, ചുവപ്പ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. നേരത്തെ പുറത്തിറങ്ങിയിട്ടുള്ള ജിയോ ഫോണുകളും ബ്രാന്റിന്റെ നിറമായ ചുവപ്പും നീലയും തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ആകർഷകമായ പ്ലാനുകളും ജിയോ ഭാരത് പ്ലാൻ ഉപയോഗിക്കുന്നവർക്കായി അവതരിപ്പിച്ചിട്ടുണ്ട്.
ജിയോ 123 രൂപയുടെയും 1234 രൂപയുടെയും രണ്ട് പ്ലാനുകളാണ് ജിയോ ഭാരത് ഫോൺ പ്ലാനുകളായി അവതരിപ്പിച്ചിരിക്കുന്നത്. 123 രൂപ വിലയുള്ള പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി മൊത്തം ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 0.5 ജിബി ഡാറ്റ വീതം ഇതിൽ നിന്നും ഉപയോഗിക്കാം. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കകും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
1234 രൂപ വിലയുള്ള ജിയോ ഭാരത് ഫോൺ പ്ലാൻ വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ദിവസവും 0.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റ ലഭിക്കുന്നു. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം ജിയോ ബ്രാൻഡിംഗ് ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ആളുകൾക്കുള്ളതാണ്. മറ്റ് ബ്രാൻഡിങ്ങുകളിൽ പുറത്തിറങ്ങുന്ന ജിയോ ഭാരത് ഫോണിനായി 28 ദിവസം വാലിഡിറ്റിയുള്ള 179 രൂപ പ്ലാനും 365 ദിവസം വാലിഡിറ്റിയുള്ള 1799 രൂപ പ്ലാനുമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ കോളിങ് ആനുകൂല്യങ്ങൾ മുകളിൽ സൂചിപ്പിച്ച പ്ലാനുകൾക്ക് സമാനമാണ്