Headlines

ഇനി ഇന്ത്യൻ ടീമിൽ പല കാര്യങ്ങളും മാറും; നിസാരക്കാരനല്ല പുതിയ ചീഫ് സെലക്ടറായ അജിത് അഗാർക്കർ!

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ താരം അജിത് അഗാർക്കറിനെ ബിസിസിഐ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം (04/07/2023) രാത്രിയാണ്. മുൻ ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ്മ സ്ഥാനം രാജി വെച്ച് അഞ്ചാം മാസമാണ് അഗാർക്കറെ ഈ ചുമതല ബിസിസിഐ ഏൽപ്പിക്കുന്നത്. നേരത്തെ ഒരു പ്രമുഖ മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയായിരുന്നു സെലക്ടർ സ്ഥാനം രാജി വെക്കാൻ ചേതൻ ശർമ്മ നിർബന്ധിതനായത്.
ഏകദിന ലോകകപ്പുൾപ്പെടെ വരാനിരിക്കുന്നതിനാൽ അഗാർക്കറിന് ഇന്ത്യൻ ടീമിന്റെ സെലക്ടർ സ്ഥാനത്ത് പിടിപ്പത് പണിയുണ്ടാകുമെന്ന് ഉറപ്പ്‌‌.

എന്തായാലും അഗാർക്കറിന്റെ വരവ് ഇന്ത്യൻ ക്രിക്കറ്റിൽ പല നിർണായക മാറ്റങ്ങൾക്കും കാരണമാകും. ഇന്ത്യയുടെ പുതിയ ചീഫ് സെലക്ടറായ അജിത് അഗാർക്കറിനെക്കുറിച്ച് അറിയേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാം.

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അജിത് അഗാർക്കർ. 1998 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഗാർക്കർ 2007 വരെ ഇന്ത്യൻ ടീമിനായി കളിച്ചു. 2013 വരെ അഭ്യന്തര ക്രിക്കറ്റിൽ കളിച്ചതിന് ശേഷമാണ് താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. 26 ടെസ്റ്റുകളും, 191 ഏകദിനങ്ങളും, 4 ടി20 മത്സരങ്ങളുമാണ് ഇന്ത്യയ്ക്കായി അഗാർക്കർ കളിച്ചത്. ടെസ്റ്റിൽ 58 വിക്കറ്റുകളും, ഏകദിനത്തിൽ 288 വിക്കറ്റുകളും, ടി20 യിൽ 3 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.



2008 മുതൽ 2013 വരെ ഇന്ത്യൻ പ്രീമിയർ ലീഗിലും അദ്ദേഹം കളിച്ചു. ഡെൽഹി, കൊൽക്കത്ത ഫ്രാഞ്ചൈസികളുടെ ജേഴ്സിയണിഞ്ഞ അഗാർക്കർ ഐപിഎല്ലിൽ 39 കളികളിൽ നിന്ന് 29 വിക്കറ്റുകളാണ് നേടിയത്.

1999, 2003, 2007 ഏകദിന ലോകകപ്പുകൾ കളിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അജിത് അഗാർക്കർ. 2007 ൽ പ്രഥമ ടി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിനൊപ്പവും അഗാർക്കറുണ്ടായിരുന്നു. ആ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിലാണ് (സ്കോട്ട്ലൻഡിനെതിരെ ഉപേക്ഷിക്കപ്പെട്ട കളിയുൾപ്പെടെ) താരം ഇന്ത്യൻ നിരയിലുണ്ടായിരുന്നത്. അവസാന രണ്ട് സൂപ്പർ 8 മത്സരങ്ങളിലും, സെമി, ഫൈനൽ മത്സരങ്ങളിലും അഗാർക്കർ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടില്ല.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച ബോളർമാരിലൊരാളായാണ് അഗാർക്കറെ കണക്കിലാക്കുന്നത്. 50 ഓവർ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാമതാണ് അഗാർക്കറിന് സ്ഥാനം. അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ഈ നേട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ക്രിക്കറ്റ് കളിയിൽ നിന്ന് വിരമിച്ചതിന് ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ സജീവമായിരുന്ന അഗാർക്കർ, 2017 മുതൽ 2019 വരെ മുംബൈ രഞ്ജി ടീമിന്റെ മുഖ്യ സെലക്ടറായിരുന്നു. 2023 സീസൺ ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ പരിശീലക സ്റ്റാഫിലും ആഗാർക്കറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *