Headlines

യുകെയിൽ മലയാളി നഴ്സ് അഞ്ജുവും മക്കളും കൊല്ലപ്പെട്ട സംഭവം: ഭർത്താവ് ഇനി 92 വയസ്സുവരെ ജയിലിൽ; അവസാനനിമിഷം രക്ഷപെടാനുള്ള പഴുതും അടച്ച്‌ കോടതി!

ലണ്ടൻ: യുകെയിൽ വൈക്കം സ്വദേശിനി നഴ്സ് അഞ്ജു അശോകും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സാജുവിന് 40 വർഷത്തെ ജയിൽ ശിക്ഷ. നോർത്താംപ്ടൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് വൈക്കം സ്വദേശിനിയായ അഞ്ജുവും (40) മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ തന്നെ കണ്ണൂർ സ്വദേശി സാജു അറസ്റ്റിലായിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇയാൾ. 40 വർഷത്തെ പരമാവധി ശിക്ഷയാണ് സാജുവിന് ലഭിച്ചിരിക്കുന്നത്.

കേസിൽ സാജു നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസിൽ യുകെയിൽ ഒരു മലയാളി ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. കൊല്ലപ്പെട്ട രണ്ട് പേർ കുട്ടികളായിരുന്നത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് തുല്യമായ പരമാവധി ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്.

ഭാര്യയിൽ പ്രതിക്ക് ഉണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ വിലയിരുത്തി. പ്രതിയും ഭാര്യയും തമ്മിൽ 15 വയസോളം പ്രായവ്യത്യാസം ഉണ്ടായിരുന്നു. ഭാര്യക്ക് മറ്റാരാളുമായി ബന്ധമുണ്ടായിരുന്നെന്ന് സമർഥിക്കാനായിരുന്നു പ്രതി ശ്രമിച്ചത്. എന്നാൽ രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷ നൽകുന്ന രീതി പിന്തുടർന്നാണ് ഈ കേസിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു

വൃദ്ധയായ അമ്മ നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമായിരുന്നു ഇയാൾക്ക് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചത്. 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ സാജുവിന് ഇനി 92ാം വയസിലേ പുറത്തിറങ്ങാനാകു. പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാലാകും ഇത്.

യുകെയില്‍ സര്‍ക്കാര്‍ മേഖലയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയായിരുന്നു സാജുവിന്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. അഞ്ജുവിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും മക്കളെ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. മക്കളായ ജീവ, ജാന്‍വി എന്നിവരുടെ കഴുത്തില്‍ ആഴമേറിയ മുറിവുകളുണ്ടായിരുന്നു. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇരുവരും.

പോലീസ് എത്തുമ്പോഴേക്കും മക്കൾക്ക് ജീവനുണ്ടായിരുന്നു. കുട്ടികൾ മരണത്തോട് മല്ലടിക്കുമ്പോഴും സമീപത്ത് നോക്കിയിരിക്കുകയായിരുന്നു സാജു. ഇവരെ പോലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞു. അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം രണ്ടു മുറിയിലാണുണ്ടായിരുന്നത്. ആദ്യം അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മക്കളെ സാജു വെട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *