കണ്ണൂര്‍: മഴകനത്തതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. അതിനൊപ്പം തണല്‍മരങ്ങള്‍ കടപുഴകി വീഴുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെ മുതല്‍ കോരിച്ചൊരിഞ്ഞു പെയ്ത മഴയില്‍ സംസ്ഥാനത്താദ്യമായി ഇക്കുറി കാലവര്‍ഷത്തില്‍ ഒരാള്‍ കണ്ണൂരില്‍ മരിച്ചു. കണ്ണൂര്‍ സിറ്റി നാലുവയലിലാണ് വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചത്. നാലുവയലിലെ താഴത്ത് ഹൗസില്‍ ബഷീറാ(50)ണ് ബുധനാഴ്ച്ച ഉച്ചയോടെ മരിച്ചത്.
വീടിനു മുന്‍പിലെ വെളളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കണ്ണൂര്‍ പ്‌ളാസയ്ക്കു സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളില്‍ മരം കടപുഴകി വീണു യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ രണ്ടുകാറുകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും മുകളിലാണ് തണല്‍ മരം കടപുഴകി വീണത്. ഇരിക്കൂര്‍ സ്വദേശിനി വത്‌സല, ജിത്തു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.തകര്‍ത്തു പെയ്യുന്ന കനത്ത മഴയില്‍ കണ്ണൂരിലെ മിക്കസ്ഥലങ്ങളിലും വെളളം കയറിയിട്ടുണ്ട്. കക്കാട് റോഡില്‍പുഴകയറി വാഹനഗതാഗതം തടസപ്പെട്ടു. പഴയബസ് സ്റ്റാന്‍ഡിലെ റെയില്‍വെ അണ്ടര്‍ബ്രിഡ്ജില്‍ അരയോളമാണ് വെളളം കയറിയത്. ഇതിനാല്‍ ഇതിലൂടെ ചെറുവാഹനങ്ങള്‍ ഓടിയില്ല. കണ്ണൂര്‍ സിറ്റി, കോട്ടമ്മാര്‍ മസ്ജിദ് റോഡ്, താവക്കര അണ്ടര്‍ ബ്രിഡ്ജ്, പഴയബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലും വെളളം കയറിയിട്ടുണ്ട്.