ഹൈദരാബാദ്: കേന്ദ്ര ജിഎസ്‌ടി ഇന്‍റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ, അഞ്ചംഗ സംഘത്തിലെ നാല് പേര്‍ അറസ്റ്റിൽ. സരൂർ നഗറിൽ വ്യാജ ജിഎസ്ടി രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്ന സ്‌കാപ്പ് യൂണിറ്റിൽ റെയ്ഡ് നടത്താനെത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു
സംഭവത്തിൽ സ്ക്രാപ്പ് വ്യാപാരിയെയും കൂട്ടാളികളെയും സരൂർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ജിഎസ്‌ടി ഉദ്യോഗസ്ഥരായ മണി ശർമ, ആനന്ദ് എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. വ്യാജ ജിഎസ്ടി രജിസ്ട്രേഷനിൽ ചില യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ (ഡിജിജിഐ) ഇന്റലിജൻസ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർ പ്രതി മുജീബിന്റെ ഉടമസ്ഥതയിലുള്ള ക്രാന്തി നഗറിലെ സ്‌ക്രാപ്പ് സ്റ്റോറിൽ റെയ്ഡ് നടത്തുകയായിരുന്നു.
പ്രതികൾ ആദ്യം ഉദോഗസ്ഥരോട് ഐഡി കാർഡുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. അത് കാണിച്ചപ്പോൾ വ്യാജമാണ് എന്നാരോപിച്ചു പ്രതിയും കൂട്ടാളികളും ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും അവരുടെ ഐഡി കാർഡുകൾ തട്ടിയെടുക്കുകയും കേടുവരുത്തുകയും ചെയ്തു. പിന്നീട്, അവർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഉദ്യോഗസ്ഥരെ വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ മണി ശർമ വാഹനത്തിലിരുന്നുകൊണ്ട് തന്നെ തന്ത്രപരമായി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പിന്നാലെതന്നെ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു.