തിരുവനന്തപുരം: വിശ്വാസികൾ എത്താത്തതോടെ ഇംഗ്ലണ്ടിലെ പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രറി എം വി ഗോവിന്ദൻ്റെ പ്രസ്താവനയ്ക്കെതിരെ കത്തോലിക്ക കോൺഗ്രസ്. ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രറി നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് സംഘടന പറഞ്ഞു.
ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് എം വി ഗോവിന്ദൻ ആശങ്കപ്പെടേണ്ടത്. സന്യാസിനികളെയും വൈദികരുടെയും സേവനങ്ങൾ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചത് തെറ്റാണ്. ഇത് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോൺഗ്രസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പാവം മാര്‍ക്‌സിസ്റ്റ് അണികള്‍ അങ്ങയെ ‘മാഷ് ‘ എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്.
താങ്കള്‍ക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമര്‍പ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണമെന്ന് കത്തോലിക്ക കോൺഗ്രസ് വിമർശിച്ചു.
കമ്മ്യൂണിസത്തില്‍ പെട്ടു പോയതു കൊണ്ട് മാത്രം കുത്തുപാളയെടുത്ത ഏതെങ്കിലും രാജ്യത്തോ ജനങ്ങളുടെ ഇടയിലോ പോയ യാത്രാ വിവരണം നടത്താന്‍ മാഷിന് ധൈര്യമുണ്ടോ? അങ്ങനെ പോയാല്‍ പഴയ കമ്യൂണിസ്റ്റ് റഷ്യയില്‍ ദാരിദ്ര്യം കൊണ്ട് ജീവിക്കാന്‍ മാനം വില്‍ക്കേണ്ടിവന്ന ഹതഭാഗ്യരുടെയും കമ്മ്യൂണിസ്റ്റ് ബംഗാളില്‍ നിന്ന് കേരളത്തില്‍ പണിയെടുത്ത് ജീവിതം പുലര്‍ത്തേണ്ടി വന്ന പാര്‍ട്ടി ഭാരവാഹികളുടെയും വിവരണം പറയേണ്ടി വരും. ഇനി കേരള മോഡല്‍ നിലവാരം കണ്ടാണ് മാഷ് ഈ വിടുവാത്തരം പറയുന്നതെങ്കില്‍ ആ നിലവാരത്തില്‍ പാര്‍ട്ടിക്കാരുടെ പങ്ക് വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് അനുയായികള്‍ക്ക് ഏര്‍പെടുത്തി കൊടുത്തു എന്നത് മാത്രമാണെന്ന് സംഘടന വ്യക്തമാക്കി.