Headlines

ഒരിക്കലും ആരും ത‍കർക്കില്ല എംഎസ് ധോണിയുടെ ഈ റെക്കോർഡുകൾ; ക്യാപ‍്‍റ്റൻ കൂളിന് ഇന്ന് പിറന്നാൾ.

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കുകയാണ്. ആന്ധപ്രദേശിലെ നന്ദിഗമയിൽ 72 അടി ഉയരത്തിലുള്ള ധോണിയുടെ കട്ടൗട്ട് നിർമ്മിച്ചാണ് ആരാധകർ ആഘോഷിച്ചത്. ലോകത്ത് ഒരു ക്രിക്കറ്ററുടെ ഏറ്റവും ഉയരത്തിലുള്ള കട്ടൗട്ടാണ് ഇതെന്ന് പറയപ്പെടുന്നു. ആരാധകർ ഇതിന് മുകളിൽ പാലഭിഷേകവും നടത്തിയിട്ടുണ്ട്.

ഹൈദരാബാദിൽ ധോണിയുടെ 52 അടി ഉയരത്തിലുള്ള കട്ടൗട്ടും നിർമ്മിച്ചിട്ടുണ്ട്.
ആരാധകർ ഇത്തരത്തിൽ റെക്കോർഡ് സ്വന്തമാക്കുമ്പോൾ എംഎസ് ധോണി ലോകക്രിക്കറ്റിൽ എഴുതിച്ചേർത്തിട്ടുള്ള ചില റെക്കോർഡുകൾ നോക്കാം. ലോകത്ത് മറ്റാർക്കും എളുപ്പത്തിൽ തകർക്കാൻ സാധിക്കാത്ത ചില റെക്കോർഡുകൾ ധോണിയുടെ പേരിലായിട്ടുണ്ട്.

2007ൽ ടി20 ലോകകപ്പിലാണ് എംഎസ് ധോണി ഇന്ത്യയുടെ നായകനാവുന്നത്. യുവതാരത്തിൻെറ കീഴിൽ ആദ്യ ടൂർണമെൻറിൽ തന്നെ ഇന്ത്യ കപ്പടിച്ചു. ഇത് കൂടാതെ 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഇന്ത്യ ധോണി നായകനായ കാലത്ത് നേടിയിട്ടുണ്ട്. മൂന്ന് ഐസിസി കിരീടങ്ങളുള്ള ലോകത്തിലെ ഏക ക്രിക്കറ്റ് നായകനാണ് ധോണി.

മിന്നൽ സ്റ്റംപിങ്ങിന് പേര് കേട്ടിട്ടുള്ള കളിക്കാരനാണ് ധോണി. വിക്കറ്റ് കീപ്പിങ്ങിൽ നിരവധി റെക്കോർഡുകൾ താരത്തിൻെറ പേരിലുണ്ട്. ഏറ്റവും വേഗതയിലുള്ള സ്റ്റംപിങ്ങും അദ്ദേഹത്തിന് സ്വന്തമാണ്. വെറും 0.08 സെക്കൻറിലാണ് ധോണിയുടെ പേരിലുള്ള ഏറ്റവും വേഗത്തിലുള്ള സ്റ്റംപിങ്.

ടോപ് ഓർഡറിൽ അധികം ബാറ്റ് ചെയ്തിട്ടുള്ള ബാറ്ററല്ല ധോണി. ഫിനിഷറായിട്ടാണ് അദ്ദേഹം കൂടുതൽ ബാറ്റിങ്ങിൽ തിളങ്ങിയിട്ടുള്ളത്. ഏകദിന ബാറ്റർമാരുടെ ലോകറാങ്കിങ്ങിൽ ഏറ്റവും വേഗത്തിൽ എത്തിയിട്ടുള്ള കളിക്കാരനാണ് ധോണി. വെറും 42 ഇന്നിങ്സുകൾ കഴിഞ്ഞപ്പോഴാണ് ധോണി ഒന്നാം റാങ്കിലെത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിൻെറ ക്യാപ്റ്റനാണ് ധോണി. ഇപ്പോഴും ധോണി തന്നെയാണ് ടീമിനെ നയിക്കുന്നത്. രണ്ട് സീസണുകളിൽ ചെന്നൈ ഇല്ലാത്തതിനാൽ താരം ക്യാപ്റ്റനല്ലായിരുന്നു. 226 മത്സരങ്ങളിലാണ് ഇത് വരെ ധോണി ചെന്നൈയെ നയിച്ചിട്ടുള്ളത്. ഈ റെക്കോർഡും ആർക്കും അങ്ങനെ തകർക്കാൻ സാധിക്കില്ല.

ഐപിഎല്ലിൽ 20ാം ഓവറിൽ ഏറ്റവും കൂടുതൽ ബാറ്റ് ചെയ്തിട്ടുള്ള ബാറ്റർ ധോണി തന്നെയായിരിക്കും. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറായിട്ടുള്ള ധോണി ഐപിഎല്ലിലെ 20ാം ഓവറിൽ ഇത് വരെ 713 റൺസ് നേടിയിട്ടുണ്ട്. റെക്കോർഡ് അവിടെയും തീരുന്നില്ല. 29 സിക്സറുകളും ഇത് വരെ 20ാം ഓവറിൽ ധോണി അടിച്ച് പറത്തിയിട്ടുണ്ട്.
42ാം വയസ്സിലും ക്രിക്കറ്റ് ലോകത്ത് സജീവമാണ് ധോണി. ഭാവിയിൽ ഇന്ത്യൻ പരിശീലകനായി ധോണി എത്തുന്നതാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *