കോട്ടയം: കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ ഒരു മരണം. അയ്മനത്ത് ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു.
അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പൻ (73) ആണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് തൊട്ടടുത്ത്, അഞ്ചടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് കാൽ വഴുതിവീഴുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഭാനുവിൻ്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ശാന്തമ്മയാണ് ഭാര്യ. മകൾ: അഖില മോൾ, മരുമകൻ: സുനിൽ കെഎസ്