തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി ഇന്ന് കുറഞ്ഞേക്കും. വടക്കൻ ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്ന് 112 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും വടക്കൻ കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ജൂലൈ 6 വൈകിട്ട് 4 മണി വരെയുള്ള കണക്കുകൾ പ്രകാരം 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗികമായും തകർന്നു.
ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461 കുട്ടികൾ എന്നിവരാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ-52. 1085 പേർ പത്തനംതിട്ടയിൽ ക്യാമ്പുകളിൽ കഴിയുന്നു. കോട്ടയത്ത് 35 ക്യാമ്പുകളിലായി 348 പേരാണുള്ളത്.
ആലപ്പുഴ ജില്ലയിൽ 121 വീടുകൾ ഭാഗീകമായി തകർന്നു. കൂടുതൽ വീടുകൾ മുഴുവനായും തകർന്നത് പാലക്കാടാണ് -7. തൃശൂരിൽ-6, കോഴിക്കോട്-4, എറണാകുളം-2, മലപ്പുറം, വയനാട്, കാസർകോഡ് ഒന്ന് വീതം എന്നിങ്ങനെയാണ് ദുരതാശ്വാസ ക്യാമ്പുകളുടെ കണക്ക്.