Headlines

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: ജൂലൈ 12ന് കോൺഗ്രസ് മൗന സത്യാഗ്രഹം നടത്തും

Modi surname defamation case: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 12ന് എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും കോൺഗ്രസ് മൗന സത്യാഗ്രഹം (നിശബ്ദ പ്രതിഷേധം) നടത്തും. 2019ലെ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. പ്രതിഷേധം സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പാർട്ടിയുടെ എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികൾക്കും പ്രധാന പ്രവർത്തകർക്കും കത്തയച്ചു.

“കോൺഗ്രസ് പ്രസിഡന്റ് ശ്രീ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ, ഞങ്ങളുടെ നേതാവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, അദ്ദേഹത്തിന്റെ നിർഭയവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട്, എല്ലാ പിസിസികളോടും ഗാന്ധി പ്രതിമകൾക്ക് മുന്നിൽ വൻ ഏകദിന മൗന സത്യാഗ്രഹം (നിശബ്ദ പ്രതിഷേധം) സംഘടിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.” പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി, കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേ ഇല്ല


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. 2019 ലെ മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേ ഇല്ല. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഉത്തരവ് ശരിയും നിയമപരവുമാണെന്ന് വിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു. ശിക്ഷ സ്‌റ്റേ ചെയ്യാത്തത് അദ്ദേഹത്തോടുളള അനീതിയാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

‘ശിക്ഷ സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ല. ശിക്ഷ നല്‍കിയ ഉത്തരവ് ശരിയും നിയമപരവുമാണ്. വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിയാണ്, പ്രസ്തുത ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ല. അയോഗ്യത എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.’ കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ 10 ക്രിമിനല്‍ കേസുകളെങ്കിലും നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പാര്‍ലമെന്റ് അംഗം (എംപി) എന്ന നിലയിലുള്ള സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാനോ കഴിയില്ല. മേയില്‍, കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു.

മോദി പരാമര്‍ശക്കേസ്

മാര്‍ച്ച് 23ന്, സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മയാണ് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല വിധിക്കെതിരെ ജസ്റ്റിസ് ആര്‍പി മൊഗേരയുടെ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി.

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എങ്ങനെ?’ എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്‌. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *