Maharashtra CM Shinde: മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സർക്കാരിലേക്കുള്ള എൻസിപി നേതാവ് അജിത് പവാറിന്റെ പ്രവേശനം തനിക്ക് ഭീഷണിയല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. കഠിനാധ്വാനികളായ പ്രവർത്തകരെ അവഗണിക്കുമ്പോൾ പാർട്ടികൾ പിളരും, അമ്മാവനും എൻസിപി നേതാവുമായ ശരദ് പവാറിനെതിരായ അജിത് പവാറിന്റെ വിമത നീക്കത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.
“പ്രതിഭയുള്ള പാർട്ടി പ്രവർത്തകരെ അകറ്റിനിർത്തുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. മുമ്പ് ബിജെപിയുമായി സഖ്യം ആഗ്രഹിച്ചത് ശരദ് പവാറാണെന്ന് 2017ൽ അജിത് പവാർ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ 2019ൽ പിന്നീട് അദ്ദേഹം നയം മാറ്റി” ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷിൻഡെ പറഞ്ഞു.
മുൻകാലങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി വസന്തദാദ പാട്ടീലിനും (1978ൽ), കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും (1999ൽ) എതിരെ ശരദ് പവാർ തന്നെ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ പോകുന്നുവെന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ ഷിൻഡെ, അടിസ്ഥാനരഹിതമായ കിംവദന്തികളാണിവയെന്നും തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്നും, പാർട്ടിയിലെ ഉന്നതർ ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. തന്റെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും ഒരേ പ്രത്യയശാസ്ത്രത്തിൽ ബന്ധിതരാണെന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ മൂന്നാമതൊരു പങ്കാളിക്കൊപ്പം, നമുക്ക് ശക്തമായി ഒരുമിച്ച് പ്രവർത്തിക്കുകയും 2024ൽ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുകയും വേണം….. 45ൽ കൂടുതൽ ( ആകെയുള്ള 48 ലോക്‌സഭാ സീറ്റുകളിൽ) മഹാരാഷ്ട്രയിൽ വിജയിക്കണം” ഷിൻഡെ പറഞ്ഞു.
തന്റെ സർക്കാരിന്റെ വികസന ട്രാക്ക് റെക്കോർഡ് കൊണ്ടാണ് അജിത് പവാർ സർക്കാരിൽ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മോദിയും (അമിത്) ഷായും എന്നെ മുഖ്യമന്ത്രിയാക്കി, ഇപ്പോൾ അജിത് പവാർ സർക്കാരിൽ ചേർന്നതോടെ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞങ്ങളുടെ എംഎൽഎമാരുടെ അവരുടെ മണ്ഡലങ്ങളിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്‌തു” അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സർക്കാരിലേക്കുള്ള അജിത് പവാറിന്റെ പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രി ഷിൻഡെ
