Headlines

ബിജെപി പിന്തുണയിൽ വിജയം അംഗീകരിക്കാൻ കഴിയില്ല ; പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

ബിജെപി പിന്തുണയിൽ അട്ടിമറി വിജയം നേടിയ പാലക്കാട് പിരായിരി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം ഏരിയ കമ്മിറ്റി. ബിജെപിയുടെ പിന്തുണയോടെയുള്ള വിജയം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം സുഹറ ബഷീർ ഉടൻ രാജിവയ്‌ക്കും.

കോൺഗ്രസിന് മുൻതൂക്കമുള്ള പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ട് ഇടത്‌പക്ഷത്തിന് അനുകൂലമായതോടെ യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. എട്ട് സിപിഎം അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളുമാണ് പിരായിരി പഞ്ചായത്തിലുള്ളത്. ഇവരെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്‌തതോടെ 11-10 എന്ന നിലയിൽ ഭരണം എൽഡിഎഫ് നേടുകയായിരുന്നു.

21അംഗ പഞ്ചായത്തിൽ 10 സീറ്റ് നേടിയ യുഡിഎഫാണ് കഴിഞ്ഞ രണ്ടര വർഷമായി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. കോൺഗ്രസ്-ലീഗ് ധാരണ പ്രകാരം കോൺഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ബിജെപി അംഗങ്ങൾ ഇടത്‌പക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്‌തത്. ഇരുപാർട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ട് പുറത്തായെന്ന് അട്ടിമറി വിജയത്തിന് പിന്നാലെ യുഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് വിജയം തള്ളിക്കൊണ്ട് സിപിഎം രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *