കൊൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പിന് പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലുണ്ടായ വ്യാപക ആക്രമണങ്ങളിൽ ഇന്നലെ 18 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പോളിങ്ങ് ദിവസമായ വെള്ളിയാഴ്ച രാത്രിവരെയുണ്ടായ ആക്രമണങ്ങളിലാണ് ഇത്രയധികം മരണമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ത്രിതല തദ്ദേശസ്ഥാനപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വിവിധ ജില്ലകളിൽ ബൂത്ത് പിടിച്ചെടുക്കലും മറ്റ് അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ആക്രമണ സംഭവങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ ആരോപണ പ്രത്യാരേപണങ്ങളും ഉണ്ടായിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രൂക്ഷമായ വാക്പോരിലേക്ക് വഴിവച്ചിരുന്നു. നിരവധി ബൂത്തുകളിൽ റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.
10 തൃണമൂൽ കോൺഗ്രസ് അംഗങ്ങളും മൂന്ന് ബിജെപി കോൺഗ്രസ് അംഗങ്ങളും രണ്ട് സിപിഎം പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. ബാലറ്റ് പെട്ടികൾ നശിപ്പിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹതയിൽ ബരാവിത ഗവ. പ്രൈമറി സ്കൂളിലെ ബൂത്തിൽ ബാലറ്റ് പെട്ടികൾ നശിപ്പിക്കുകയും ബാലറ്റ് പേപ്പറുകൾ കത്തിക്കുകയും ചെയ്തു. ബർണാച്ചിന മേഖലയിലെ മറ്റൊരു ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് നാട്ടുകാർ ബാലറ്റ് പേപ്പറുകൾക്കൊപ്പം ബാലറ്റ് പെട്ടി കത്തിച്ചു. അതിന് പുറമെ, ബാലറ്റ് പെട്ടിയും എടുത്തുകൊണ്ട് ഓടുന്ന യുവാവിന്റെ വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു.
സംസ്ഥഥാനത്തെ വ്യാപക അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സംസ്ഥാന ബിജെപി അധ്യക്ഷൻ സുകന്ത മംജുംദാർ കത്തെഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ട്, മൂന്ന് ജില്ലകളിൽ മാത്രമാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും കമ്മീഷൻ പറഞ്ഞു.