തിരുവനന്തപുരം വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട നിർമാണത്തൊഴിലാളിയെ 45 മണിക്കൂർ പിന്നിട്ടിട്ടും പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വെങ്ങാനൂർ നീലകേശി റോഡ് നെല്ലിത്തറ വീട്ടിൽ മഹാരാജൻ(55) നാണ് കിണറ്റിലേക്കു വീണത്.
കിണറിലെ ഉറവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. ഫയർഫോഴ്സിനെയും പൊലീസിനെയും കൂടാതെ കൊല്ലത്തുനിന്ന് എത്തിയ കിണർ പണിയിൽ വിദഗ്ധരായ തൊഴിലാളികളുടെ സഹായവും തേടിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടി എൻ ഡി ആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തി. ഫയർഫോഴ്സ് സംഘം ദൗത്യം ഇതുവരെ എൻഡിആർഎഫിന് കൈമാറിയിട്ടില്ല.
ഏകദേശം 80 അടിയോളം താഴ്ചയിലെ മണ്ണ് നീക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. തുടക്കത്തിൽ മണ്ണ് വീഴ്ച വെല്ലുവിളിയായിരുന്നെങ്കിലും മെറ്റൽ റിംഗ് സ്ഥാപിച്ച് ഇത് നിർത്തിയിരുന്നു. കൊല്ലത്ത് നിന്നുള്ള കിണർ വിദഗ്ധരെത്തിയാണ് ഇത് സ്ഥാപിച്ചത്. തുടർന്ന് ഇവരെയും കൂട്ടിയായിരുന്നു ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം. രാത്രി 12 മണിയോടെ ആലപ്പുഴയിൽ നിന്നുള്ള 25 അംഗ എൻഡിആർഎഫ് സംഘമെത്തിയെങ്കിലും ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നയിക്കുന്നത്.
പ്രതീക്ഷിച്ചതിലും കൂടുതൽ മണ്ണും വെള്ളവും നീക്കം ചെയ്യേണ്ടതാണ് നിലവിലെ വെല്ലുവിളി. കിണറിലെ ശക്തമായ ഉറവ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. 85 അടിയോളം കുഴിച്ചാൽ മഹാരാജനെ കണ്ടെത്താം എന്ന് ഇന്നലെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിചാരിച്ചതിലുമധികം സമയം മണ്ണും വെള്ളവും നീക്കം ചെയ്യാനെടുത്തത് പ്രതീക്ഷകൾ അസ്ഥാനത്താക്കി. മഹാരാജന്റെ ശരീരം ചെളിയിൽ ഉറച്ചിരിക്കുകയാണെന്നാണ് നിഗമനം. അതുകൊണ്ടു തന്നെ വടം കെട്ടി പുറത്തെത്തിക്കുന്നത് ഇനി ദുഷ്‌കരമാകും. ശരീരത്തിന് ചുറ്റുമുള്ള മണ്ണ് മാറ്റി ശരീരം പൂർണമായും പുറത്തെത്തിക്കുകയാണ് രക്ഷാപ്രവർത്തകർക്ക് മുന്നിലുള്ള ഏക പോംവഴി. മഹാരാജനെ എപ്പോൾ പുറത്തെടുക്കാൻ കഴിയുമെന്ന് അറിയില്ലെന്നും കിണറ്റിനുള്ളിലെ സാഹചര്യം അപ്രവചനീയമെന്നും ജില്ലാ ഡെപ്യൂട്ടി കലക്ടർ ജയമോഹൻ അറിയിച്ചു
ശനിയാഴ്ച 9 മണിയോടെയാണ് മഹാരാജനടക്കം രണ്ടു പേർ കിണറ്റിൽ കുടുങ്ങിയത്. മഹാരാജൻ കിണറിനുള്ളിലേക്കിറങ്ങി മണ്ണുവാരി തൊട്ടുമുകളിൽനിന്ന് മണികണ്ഠനു കൈമാറിയായിരുന്നു ജോലി തുടങ്ങിയത്. ഇതോടൊപ്പം കിണറിനുള്ളിലുണ്ടായിരുന്ന പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും കയർകെട്ടി മുകിലേക്ക് എടുക്കാൻ ശ്രമിക്കവേയാണ് മണ്ണിടിച്ചിലുണ്ടായത്.
മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടയിൽ പുതുതായി അടുക്കിയ ഉറകൾക്കു താഴെയുള്ള പഴയ ഉറകൾ മണ്ണിടിച്ചിലിനെത്തുടർന്ന് ഇളകി മഹാരാജന്റെ ദേഹത്ത് വീഴുകയായിരുന്നു. പിന്നാലെ ഇടിഞ്ഞ മണ്ണും വീണു. അപകടം കണ്ട് മറ്റു തൊഴിലാളികൾ നിലവിളിച്ചതുകേട്ട് വീട്ടുടമയും നാട്ടുകാരും ഓടിയെത്തി. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിച്ചു. വിഴിഞ്ഞംപോലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു.