Headlines

ഹിമാചലിൽ മിന്നൽ പ്രളയം; മണാലിയിൽ കുടുങ്ങി കൊച്ചിയിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥികൾ!

മണാലി: ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ ഹിമാചൽ പ്രദേശും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വലയുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പ്രളയഭീഷണി നേരിട്ട സംസ്ഥാനമാണ് ഹിമാചൽ പ്രദേശാണ്. 10 ജില്ലകളിലും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടക്കം നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

കുളു – മണാലിയിലും ജനജീവിതം ദുസഹമായിരിക്കുകയാണ്. പ്രദേശത്ത് നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ നിന്നുള്ള 27 ഓളം മെഡിക്കൽ വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങിക്കിടക്കുന്നു. അതിന് പുറമെ, തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരുടെ മറ്റൊരു സംഘവും ഹിമാചലിലുണ്ട്. ജൂൺ 27നാണ് ഇവർ യാത്ര തിരിച്ചത്.

തൃശൂരിൽ നിന്നുള്ള സംഘം ഡൽഹിയിലെ കേരള ഹൗസുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ട്. ട്രെയിൻ മാർഗം ആഗ്രയിലെത്തിയ സംഘം അവിടെ നിന്നും ഡൽഹിയിലേക്കും തുടർന്ന് അമൃത്സർ പിന്നാലെ മണാലി, സ്പിറ്റ് വാലിയിലേക്ക് പോകുകയായിരുന്നു. ‌ഘീർ ഗംഗയിലെത്തിയപ്പോഴാണ് കുടുങ്ങിയത്.

ഇവരേക്കൂടാതെ മറ്റ് മലയാളി സഞ്ചാരികളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ഹിമാചൽ പ്രദേശിന് പുറമെ ഡൽഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഡൽഹിയിൽ 41 വർഷത്തിനിടെ ഏറ്റവും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. പല റോഡുകളും സബ്‌വേകളും വെള്ളക്കെട്ട് കാരണം അടച്ചിട്ടിരിക്കുകയാണ്. ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഹിമാലയൻ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതും ഭീമൻ കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *