Headlines

തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ശത്രുക്കളെ പോലെ കാണുന്നു; യൂജിന്‍ പെരേരയ്‌ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം: വിഡി സതീശൻ.

തിരുവനന്തപുരം: തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂജിന്‍ പെരേരയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാര ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്‍റെ വെല്ലുവിളിയാണ്. മന്ത്രിമാരാണ് അവിടെ പ്രകേപനമുണ്ടാക്കിയത്. മുതലപ്പൊഴി മരണപ്പൊഴിയാണെന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രിയും മറുപടി നല്‍കി. എന്നാല്‍ ഇതുവരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും വിഡി സതീശൻ വിമർശിച്ചു.

മുതലപ്പൊഴിയില്‍ ഇന്നലെ ഒരാള്‍ മരിച്ചതും മൂന്നു പേരെ കാണാതായതും തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളുടെ ഭാഗമാണ്. അറുപതിലധികം പേരാണ് അവിടെ കൊലചെയ്യപ്പെട്ടത്. ഇതിന് കാരണം സര്‍ക്കാരിന്‍റെ അനാസ്ഥയാണ്. പലരുടെയും മൃതദേഹം പോലും കിട്ടാത്ത അവസ്ഥയാണ്. തീരദേശത്തുള്ളവര്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വൈകാരികമായി ഇതിന് മുന്‍പും അവര്‍ പ്രതികരിച്ചിട്ടുണ്ട്. മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കിയിട്ടും കലാപാഹ്വാനത്തിന് വികാരി ജനറലിനെതിരെ കേസെടുത്തിരിക്കുകയാണ്.

140 ദിവസം നടത്തിയ വിഴിഞ്ഞം സമരം പരാജയപ്പെട്ടതിന്‍റെ വിരോധം തീര്‍ക്കാനാണ് വികാരി ജനറല്‍ ഇങ്ങനെ പ്രതികരിച്ചതെന്നാണ് മന്ത്രിമാരുടെ ഭാഷ്യം. തീരപ്രദേശത്തെ പാവങ്ങളായ ജനങ്ങള്‍ക്കും സിമെന്‍റ് ഗോഡൗണില്‍ വര്‍ഷങ്ങളായി കഴിയുന്ന കുടുംബങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ സമരം നടത്തിയത്. ആ സമരത്തെ തള്ളിപ്പറഞ്ഞത് തീരദേശ ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.

വിഴിഞ്ഞം സമരകാലത്ത് ആര്‍ച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. ആ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. തീരദേശ ജനതയെ വെല്ലുവിളിച്ച് കൊണ്ടും അവരുടെ ന്യായമായ അവകാശങ്ങള്‍ക്കു നേരെ കണ്ണടച്ചും മുതലപ്പൊഴിയെ സര്‍ക്കാര്‍ മരണപ്പൊഴിയാക്കുകയാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. വികാരി ജനറലിനെതിരായ കേസ് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

വിഴിഞ്ഞം സമര കാലത്ത് യൂജില്‍ പെരേര ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ നല്‍കി അവര്‍ തീവ്രവാദികളാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം നടത്തുന്നവരെ നക്‌സലൈറ്റുകളും തീവ്രവാദികളെന്നും പറഞ്ഞ് സര്‍ക്കാര്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. ഉറ്റവരെ നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കേണ്ട മന്ത്രിമാര്‍ പ്രകോപനപരമായാണ് സംസാരിച്ചത്. എന്നിട്ടാണ് വികാരി ജനറലിനെതിരെ കള്ളക്കേസെടുത്തത്. സര്‍ക്കാര്‍ എല്ലാവര്‍ക്കുമെതിരെ കള്ളക്കേസുകളെടുക്കുകയാണ്. കേസെടുത്ത് എല്ലാവരെയും ഭയപ്പെടുത്തുകയാണ്. കള്ളക്കേസെടുത്താല്‍ ആരാണ് ഭയപ്പെട്ട് പിന്നോട്ട് പോകുന്നത്? പോലീസിനെ ഇത്രത്തോളം ദുരുപയോഗം ചെയ്‌തൊരു സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിഷേധക്കാരില്‍ എല്ലാ പാര്‍ട്ടിയില്‍പ്പെട്ടവരുമുണ്ടായിരുന്നു. തീരദേശത്തുള്ളവര്‍ രാഷ്ട്രീയമായി പ്രതികരിക്കുന്നവരല്ല. ഇതിന് മുന്‍പ് മൃതദേഹവുമായി അവര്‍ റോഡ് ഉപരോധിച്ചിട്ടുണ്ട്. ഏത് ജനപ്രതിനിധി പോയാലും അവര്‍ വൈകാരികമായി പ്രതികരിക്കും. അത് അവരുടെ ആവലാതി പറയുന്നതിന്‍റെ രീതിയാണ്. അത് മനസിലാക്കാന്‍ തിരുവനന്തപുരത്ത് ജീവിക്കുന്ന രണ്ട് മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കഷ്ടമെന്നെ പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *