വടകര: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ പ്രതിചേർക്കപ്പെട്ട കെ വിദ്യയെ ദിവസങ്ങളോളം ഒളിവിൽ പാർപ്പിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കോടതിയിൽ. വടകര കുട്ടോത്ത് സ്വദേശിക്കെതിരെ പോലീസ് നടപടി എടുക്കാത്തതിനെതിരെയാണ് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അഡ്വ. എംകെ സദാനന്ദൻ മുഖേനയാണ് കേസ് ഫയൽ ചെയ്തത്.
കേരളത്തിൽ സമാനതകളില്ലാത്ത കുറ്റകൃത്യം നടത്തിയയാളാണ് വിദ്യയെന്ന് കെ പ്രവീൺ കുമാർ പ്രതികരിച്ചു. വടകരയിലെ കുട്ടോത്തുവെച്ചാണ് വിദ്യയെ അറസ്റ്റു ചെയ്തത്. വിദ്യ ഒളിവിൽ കഴിഞ്ഞത് കുട്ടോത്തെ ഒരു വീട്ടിലാണെന്ന് പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുറ്റവാളിയെ ഒളിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. എന്നാൽ വിദ്യയെ ഒളിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത തങ്ങൾക്കെതിരെ പോലീസ് കേസെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
കേസെടുക്കണമെന്നാശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കോടതിയിൽനിന്ന് നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയിൽ ഹാജരാകാൻ എത്തിയ പ്രസിഡൻ്റിനൊപ്പം യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻ്റ് സതീശൻ കുരിയാടി, കാവിൽ രാധാകൃഷ്ണൻ അഡ്വ. പിടികെ നജ്മൽ, അഷ്റഫ് ഇൻകാസ് എന്നിവരും ഉണ്ടായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കെ വിദ്യയെ പോലീസ് വടകര കുട്ടോത്ത് നിന്നാണ് പിടികൂടിയത്. അട്ടപ്പാടി സർക്കാർ കോളേജിൽ നടന്ന അഭിമുഖത്തിൽ വ്യാജരേഖ ഹാജരാക്കിയതിനെ തുടർന്നാണ് വിദ്യക്കെതിരെ അഗളി പോലീസ് കേസെടുത്തിരുന്നത്. കാസർകോട് കരിന്തളം കോളേജിലും സമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ഇതേ തുടർന്ന് നിലേശ്വരം പോലീസും വിദ്യക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇരു കേസുകളിലും വിദ്യയ്ക്ക് ജാമ്യം ലഭിച്ചു.