Headlines

ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണി; 22കാരന്‍ ആത്മഹത്യ ചെയ്തു!

ബംഗളൂരു: ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന്‍ ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തേജസ് ആണ് തൂങ്ങിമരിച്ചത്. ചൈനീസ് ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരാണ് തേജസിനെ ഭീഷണിപ്പെടുത്തിയത്. തേജസിന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സ്ലൈസ് ആന്റ് കിസ് ചൈനീസ് ആപ്പിൽ നിന്ന് തേജസ് പണം വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഏജന്റുമാർ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് തേജസിന്റെ ബന്ധുക്കൾ പറഞ്ഞു.

ലോൺ എടുത്ത പണം തിരിച്ചടക്കാൻ പിതാവ് ഗോപിനാഥ് സമ്മതിച്ചിരുന്നു. തേജസ് ആത്മഹത്യ ചെയ്യുന്നതിന് മൂന്നു ദിവസം മുൻപ് ആപ്ലിക്കേഷൻ ഏജന്റുമാർ വീട്ടിലെത്തി. പണം തിരിച്ചടയ്ക്കാൻ സമയം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. എന്നാൽ ഏജന്റുമാർ ഇത് സമ്മതിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം, ഏജന്റുമാർ വീണ്ടും തേജസിനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി. പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്.

അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് മറ്റു വഴികളില്ല. എന്റെ പേരിലുള്ള മറ്റു ലോണുകൾ അടയ്ക്കാൻ എനിക്ക് കഴിയില്ല. ഇതാണ് എന്റെ അന്തിമ തീരുമാനം’- ആത്മഹത്യാ കുറിപ്പിൽ തേജസ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *