Headlines

ആത്മഹത്യയ്ക്ക് മുന്‍പ് മൂന്നുലക്ഷം രൂപ റോഷിത അക്കൗണ്ടില്‍ നിക്ഷേപിച്ചു; സംഘം തട്ടിയെടുത്തത് എട്ടുലക്ഷം രൂപ; പിന്നില്‍ വന്‍ റാക്കറ്റ്!

കണ്ണൂര്‍: പയ്യാമ്പലം ബേബി ബീച്ചില്‍ കണ്ണൂര്‍ താവക്കരയിലെ ജ്വല്ലറി ജീവനക്കാരി ഇടച്ചേരിയിലെ പ്രമിത്തിന്‍റെ ഭാര്യ റോഷിത ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കണ്ണൂര്‍ അസി. പോലീസ് കമ്മിഷണര്‍ ടികെ രത്‌നകുമാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം എട്ടുലക്ഷമാണ് റോഷിതയുടെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്. പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്.

ആദ്യം ചില യൂട്യൂബ് വീഡിയോ ലിങ്ക് അയച്ചുകൊടുക്കുകയും അതു കാണുന്നതിനായി ചെറിയ പ്രതിഫലം നല്‍കുകയുമായിരുന്നു. ഇതിനുശേഷമാണ് യുവതിയെ വലിയ ടാസ്‌കുകള്‍ ഉപയോഗിച്ചു കെണിയില്‍ വീഴ്ത്തിയത്. ഇതിന്‍റെ അപമാനഭയത്തിലാണ്‌ റോഷിത ജീവനൊടുക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും രത്നകുമാര്‍ പറഞ്ഞു. സംഭവത്തിന്‍റെ വ്യക്തമായ ഡിജിറ്റല്‍ തെളിവുകള്‍ സൈബര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. താന്‍ തട്ടിപ്പിനിരയായ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കില്‍ യുവതിക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. പണം തിരിച്ചുലഭിക്കാനും അന്വേഷണത്തിലൂടെ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപകമാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ എസിപി ടി.കെ രത്‌നകുമാറും സൈബര്‍ സെല്‍ സിഐ കെ.സനല്‍കുമാറും പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായെന്ന് ബോധ്യമായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം. പോലീസ് സ്റ്റേഷനിലും ബാങ്കിലും കയറിയിറങ്ങി സമയം പാഴാക്കുന്നത് പണം തിരിച്ച് പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാക്കും. തട്ടിപ്പുകാര്‍ പണം ചെലവഴിക്കുന്നതിന് മുന്‍പ് കണ്ടെത്തിയാല്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനാകുമെന്നും ടി.കെ രത്‌നകുമാര്‍ വ്യക്തമാക്കി.

റോഷിതയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഭര്‍ത്താവ് പ്രമിത്ത് നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോണ്‍ വഴിയുളള സാമ്പത്തികതട്ടിപ്പ് ഇടപാടുകളില്‍ കുരുങ്ങി വിവിധ സമയങ്ങളില്‍ എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്കു നഷ്ടമായത്. ഈ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി സുഹൃത്തുക്കളില്‍ നിന്നുള്‍പ്പെടെ റോഷിത പണം ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യ ചെയ്ത ദിവസം റോഷിതയുടെ അമ്മയില്‍ നിന്ന് വാങ്ങിയ സ്വര്‍ണം വിറ്റുകിട്ടിയ മൂന്നുലക്ഷം രൂപയും ഈ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംസാരത്തിലാണ് റോഷിത കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. അഞ്ഞൂറുരൂപ മുതല്‍ നിക്ഷേപിച്ചായിരുന്നു ഇവരുടെ തുടക്കം. തുടക്കത്തില്‍ ലഭിച്ച സാമ്പത്തിക നേട്ടത്തില്‍ പ്രലോഭിതയായി റോഷിത തട്ടിപ്പുസംഘത്തിന്‍റെ കെണിയില്‍ വീണുപോകുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *