വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ രണ്ടാം ദിനം ഇന്ത്യൻ താരങ്ങൾ നിരവധി റെക്കോർഡുകളാണ് മറികടന്നത്. നായകൻ രോഹിത് ശർമയും പുതിയ ഓപ്പണർ യശസ്വി ജെയ്സ്വാളും മത്സരത്തിൽ സെഞ്ചുറികൾ നേടി. വിദേശത്ത് അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായിരിക്കുകയാണ് യശസ്വി. ഓപ്പണറെന്ന നിലയിൽ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ കൂടിയാണ് താരം.
സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമയും ഒരു അപൂർവനേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ ഇത് താരത്തിൻെറ 10ാം സെഞ്ചുറിയാണ്. 221 പന്തിൽ നിന്ന് 2 സിക്സറും 10 ഫോറുകളും അടക്കം 103 രൺസെടുത്താണ് രോഹിത് പുറത്തായത്. 36കാരനായ താരം ടെസ്റ്റിൽ 3500 റൺസ് മറികടന്നു. ക്രിക്കറ്റിൻെറ മൂന്ന് ഫോർമാറ്റിലും 3500ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് രോഹിത്. ഒന്നാമത്തെയാൾ മറ്റാരുമല്ല മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്.
രണ്ടാം ദിനം ശുഭ്മാൻ ഗിൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി ഒരു വമ്പൻ നേട്ടവും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ഇന്ത്യക്കാരിൽ അഞ്ചാമതെത്തിയിരിക്കുകയാണ് കോഹ്ലി. മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സേവാഗിൻെറ റെക്കോർഡാണ് താരം മറികടന്നത്. 8503 റൺസാണ് സെവാഗ് നേടിയിരുന്നത്. കോഹ്ലിക്ക് ഇപ്പോൾ 8515 റൺസായി. 96 പന്തിൽ നിന്ന് 36 റൺസുമായി കോഹ്ലി ക്രീസിലുണ്ട്.