Headlines

കെഎസ്ആർടിസി ബസിൽ ഉടമസ്ഥനില്ലാതെ 40 ലക്ഷം രൂപ; പണം കണ്ടെത്തിയത് ലഗേജ് ബോക്സിൽനിന്ന്.

സുൽത്താൻ ബത്തേരി: കെഎസ്ആർടിസി ബസിൽനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 40 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ ഇത്രയും രൂപ കണ്ടെടുത്തത്.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിൽ നിന്നാണ് എക്‌സൈസ് പണം പിടികൂടിയത്. ബസിന്റെ ലഗേജ് ബോക്സിനുള്ളിലായിരുന്നു പണം. 500 രൂപയുടെ 100 നോട്ടുകൾ അടങ്ങുന്ന 80 കെട്ടുകളാണ് ഉണ്ടായിരുന്നത്. കടലാസിൽ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പുകൊണ്ട് ചുറ്റിപൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകൾ.

ബെംഗളൂരുവിൽവെച്ച് ഒരു മലയാളിയാണ് പൊതിക്കെട്ട് നൽകിയതെന്നാണ് ബസ് ജീവനക്കാർ മൊഴി നൽകിയിട്ടുള്ളത്. കൊടുവള്ളിയിലെത്തുമ്പോൾ ഒരാൾ വന്ന് ഇത് കൈപ്പറ്റുമെന്ന് പറഞ്ഞാണ് ബസിൽ തന്നുവിട്ടതെന്നും ഇതിൽ പണമായിരുന്നു എന്ന വിവരം തങ്ങൾക്കയറിയില്ലായിരുന്നുവെന്നും ബസ് ജീവനക്കാർ പറഞ്ഞതായും വിവരമുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ എ ജിബിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാനുവൽ ജിൻസൺ, കെ അഖിൽ എന്നിവരടങ്ങിയ സംഘമാണ് വാഹനപരിശോധന നടത്തിയത്. പിടികൂടിയ പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ചിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *