Headlines

ചരിത്ര നിമിഷം, ചന്ദ്രയാൻ 3 വിക്ഷേപിച്ചു, പ്രതീക്ഷയോടെ രാജ്യം!

പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട് ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് നടന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് കൃത്യസമയത്ത് തന്നെ ഉയർന്നുപൊങ്ങി. രാജ്യവും ലോകവും കാത്തിരുന്ന കാഴ്ചയായിരുന്നു അത്.

ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്. ചന്ദ്രയാൻ ഒന്നിന്റെയും ലാൻഡിങ്ങിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ കാരണം ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാൻ രണ്ടിന്റെയും തുടർച്ചയാണ് ചന്ദ്രയാൻ 3. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.

ഖര ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് പറന്നുയരുന്നത്. 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം തുടങ്ങും. 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെടും.194 സെക്കൻഡ് കഴിയുമ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെടും.

305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിയുമ്പോൾ ദ്രാവക എൻജിനുകൾ വേർപെടും. തൊട്ടുപിന്നാലെ ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങും. 954 സെക്കൻഡ് കഴിയുമ്പോൾ ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമാകും. പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ– ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റും. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം.

അതിൽനിന്നു നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും. ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *