കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ ബോഡി തിരഞ്ഞെടുപ്പിലെ ഭിന്നത മറനീക്കി പുറത്ത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു പിഷാരടിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വാർത്തകളിൽ ഇടം നേടുന്നത്. തന്നെക്കാൾ വോട്ട് കുറഞ്ഞവർ വിജയികളായെന്ന് രമേഷ് പിഷാരടി ആരോപിച്ചു.
താൻ പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നുവെന്നും രമേശ് പിഷാരടി ചൂണ്ടിക്കാട്ടി. ‘അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു’ എന്നും കത്തിൽ പറയുന്നുണ്ട്.
സംഘടനയിൽ സ്ത്രീ സംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ഭേദഗതി ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു. വനിതകൾക്ക് വേണ്ടി നാല് സീറ്റുകൾ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക; പിഷാരടി കത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കി.
നേരത്തെ പ്രസിഡന്റ് മോഹന്‍ലാല്‍, ട്രഷറർ ഉണ്ണി മുകുന്ദന്‍ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് (ജനറല്‍ സെക്രട്ടറി), ജഗദീഷ്, ജയന്‍ ചേർത്തല (വൈസ് പ്രസിഡന്റ്), ബാബു രാജ് (സെക്രട്ടറി) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പെട്ട മറ്റ് ഭാരവാഹികൾ. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടപടികളിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി പിഷാരടി രംഗത്ത് വന്നിരിക്കുന്നത്.
11 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, അൻസിബ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ ഉൾപ്പെടെ മത്സര രംഗത്തുണ്ടായിരുന്നു. ഇതിൽ രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവർ പരാജയപ്പെട്ടു. രണ്ട് വനിതകളെ മാറ്റി നിർത്താനും തീരുമാനമായിരുന്നു.
എന്നാൽ ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു. ഭരണ സമിതിയിൽ നാല് വനിതകൾ വേണമെന്നാണ് ചട്ടം. 3 സ്ത്രീകൾ എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തിൽ അവരെ ഉൾപ്പെടുത്തണമെന്ന് അംഗങ്ങളായ മറ്റ് സ്ത്രീകളും ജനറൽ സെക്രട്ടറി സിദ്ദീഖും പറഞ്ഞതോടെ ഇക്കാര്യത്തിൽ തീരുമാനമാവുകയായിരുന്നു. എന്നാൽ ഇതിനെതിരെയാണ് പിഷാരടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.