തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു സുഹൈൽ.
ഇന്ന് തന്നെ കേസിലെ അന്വേഷണ സംഘം ഡല്‍ഹിയിലെത്തി സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും. എകെജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ സംഭവത്തിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സംഭവത്തിലാണ് പ്രതി പിടിയിലായത്. ആക്രമണം നടന്ന് രണ്ട് വര്‍ഷം തികയുമ്പോഴാണ് മുഖ്യആസൂത്രകന്‍ പിടിയിലായിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് സുഹൈൽ അറസ്‌റ്റിലായത്.
2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിന് നേരെ ആക്രമണം നടന്നത്. എറിഞ്ഞയാളെ കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ ചോദ്യങ്ങൾ ഒരുപാട് ഉയരുകയും ചെയ്‌തിരുന്നു. ഒടുവിൽ എറിഞ്ഞയാള്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടറിന് പിന്നാലെ കറങ്ങി നടന്ന ക്രൈം ബ്രാഞ്ച് 85-ാം ദിവസമാണ് കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ജിതിനെ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്യുന്നത്.
ഇതിന് പിന്നാലെ ജിതിന് സ്‌കൂട്ടറെത്തിച്ചു നല്‍കിയ സുഹൃത്ത് നവ്യയും അറസ്‌റ്റിലായിരുന്നു. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈല്‍ ഷാജഹാനാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുഹൈലിന്റെ ഡ്രൈവറായ സുധീഷിന്റേതാണ് അക്രമി സഞ്ചരിച്ച സ്‌കൂട്ടറെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു.
എന്നാൽ അപ്പോഴേക്കും ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് വിദേശത്തുള്ള സുഹൈല്‍ ഷാജഹാനെയും സുധീഷിനെയും പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടിസ് ഉൾപ്പെടെ പുറത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. അതിന് ശേഷമാണ് പോലീസ് ബ്ലൂ കോർണർ നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയത്.
കെപിസിസി ഓഫീസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയതിന്റെ വൈരാഗ്യത്തിലായിരുന്നു ഇവർ ആക്രമണം നടത്തിയത് എന്നായിരുന്നു കണ്ടെത്തൽ. അടുത്തിടെയാണ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം.