ദോഹ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയുമായി ചര്‍ച്ച നടത്തും. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും ഇന്ത്യയും ഖത്തറും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനെ പറ്റിയുമാകും പ്രധാന ചര്‍ച്ച. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഖത്തറിലെത്തുന്ന ഇന്ത്യന്‍ പ്രമുഖനാണ് ജയശങ്കര്‍.
ജിസിസിയിലെ കൊച്ചു രാജ്യമാണെങ്കിലും എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട് ഖത്തറില്‍. മാത്രമല്ല, ഇന്ത്യയുമായി കോടികളുടെ വ്യാപാര ബന്ധവും ഖത്തറിനുണ്ട്. ഈ ബന്ധം ഊട്ടിയുറപ്പിക്കാനും സഹകരണം മെച്ചപ്പെടുത്താനുമാണ് ജയശങ്കറിന്റെ സന്ദര്‍ശനം. അതോടൊപ്പം ഖത്തറില്‍ നിന്ന് മോചിതനാകാത്ത ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്റെ വിഷയവും ചര്‍ച്ചയാകും. അറിയാം വിശദ വിവരങ്ങള്‍…
ചാരവൃത്തി കേസില്‍ എട്ട് ഇന്ത്യന്‍ മുന്‍ നാവികരെ ഖത്തര്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത് വലിയ വിവാദമായി. പിന്നീട് നടന്ന നിരന്തര ചര്‍ച്ചകളുടെ ഫലമായി ശിക്ഷ ജീവപര്യമാക്കി കുറച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.
ഏഴ് പേരാണ് നിലവില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഒരാള്‍ ഇപ്പോഴും ഖത്തറില്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മടങ്ങിയെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. അതിനിടെയാണ് ജയശങ്കര്‍ ഖത്തറിലെത്തുന്നത്. വ്യാപാരം, രാഷ്ട്രീയം, നിക്ഷേപം, ഊര്‍ജം, സുരക്ഷ, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളും ചര്‍ച്ചയാകും. ഇസ്രായേലിന്റെ ഗാസ ആക്രമണവും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. നരേന്ദ്ര മോദി ഫെബ്രുവരിയില്‍ ഖത്തറിലെത്തിയ വേളയില്‍ അമീര്‍ ശൈഖ് തമീമുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ വിട്ടയച്ചതിലുള്ള നന്ദി സൂചകമായിട്ടായിരുന്നു മോദിയുടെ സന്ദര്‍ശനം. എന്നാല്‍ ജയശങ്കര്‍ ഖത്തര്‍ അമീറിനെ കാണില്ലെന്നാണ് സൂചന.
ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാണ്. പ്രകൃതി വാതകവും എണ്ണയുമാണ് ഖത്തര്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളുടെയും വ്യാപാരം പ്രതിവര്‍ഷം 2000 കോടി ഡോളര്‍ മൂല്യമുള്ളതാണ്. ഇത് വര്‍ധിപ്പിക്കണമെന്ന് ഇന്ത്യയും ഖത്തറും ആലോചിക്കുന്നുണ്ട്. ഖത്തറുമായുള്ള സൗഹൃദം വളരെ വിലമതിക്കുന്നതായിട്ടാണ് ഇന്ത്യ കരുതുന്നത്.
ജൂലൈ 3, 4 തിയ്യതികളില്‍ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി കസാഖിസ്താനിലെ അസ്താനയില്‍ നടക്കും. സാധാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. എന്നാല്‍ ഇത്തവണ എസ് ജയശങ്കറായിരിക്കും അസ്താനയിലെത്തുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് എസ്‌സിഒയില്‍ അംഗങ്ങള്‍. 2005ല്‍ ഇന്ത്യ നിരീക്ഷക പദവിയിലാണ് സംഘടനയില്‍ എത്തിയത്. 2017ല്‍ സമ്പൂര്‍ണ അംഗത്വം ലഭിച്ചു.