ഡല്‍ഹി: മൈക്ക് ഓഫ് ചെയ്യുന്നതിന്റെ പേരില്‍ ലോക് സഭയിലെ രാഹുല്‍ ഗാന്ധിയും സ്പീക്കർ ഓം കുമാർ ബിർളയും തമ്മില്‍ വാക്പ്പോര്. പുതിയ പാർലമെൻ്റ് സമ്മേളനത്തിൽ രണ്ടാം തവണയും സഭാനടപടികൾക്കിടെ തൻ്റെ മൈക്ക് സ്വിച്ച് ഓഫ് ചെയ്തുവെന്നായിരുന്നു കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ അവകാശവാദം. ഇതിന് മറുപടിയുമായി സ്പീക്കർ രംഗത്ത് വരികയായിരുന്നു.
സ്വിച്ചോ റിമോട്ട് കൺട്രോളോ ഇല്ലാത്തതിനാൽ സഭയിലെ പ്രിസൈഡിംഗ് ഓഫീസർമാർക്ക് അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യാൻ കഴിയില്ലെന്നാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള തിങ്കളാഴ്ച വ്യക്തമാക്കിയത്. ഇത്തരമൊരു ആരോപണവുമായി അംഗങ്ങൾ ചെയറിനെതിരെ സംശയം ഉന്നയിക്കുന്നതിനേയും ബിർള ശക്തമായി എതിർത്തു. ഇത് സ്പീക്കറുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത് ചെയർമാൻ്റെ (സ്പീക്കർ) അന്തസ്സിൻ്റെ പ്രശ്‌നമാണ്. കുറഞ്ഞത് ചെയർമാനായി ഇരിക്കുന്നവരെങ്കിലും ഇത്തരം എതിർപ്പുകൾ ഉന്നയിക്കരുത്. കൊടിക്കുന്നില്‍ സുരേഷും ഇവിടെ ഇരിക്കുന്നതല്ലേ . ചെയറിന് മൈക്കിൻ്റെ നിയന്ത്രണം ഉണ്ടോ,” പ്രതിപക്ഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്പീക്കർ ചോദിച്ചു.
2014 മെയ് മാസത്തിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഒരു മാനുവൽ അനുസരിച്ച്, ഓരോ പാർലമെൻ്റ് അംഗത്തിനും വ്യക്തിഗത മൈക്രോഫോണും അവരുടെ പ്രത്യേക മേശകളിൽ ഒരു സ്വിച്ചും നൽകിയിട്ടുണ്ട്. സ്വിച്ച്ബോർഡിൽ വ്യത്യസ്ത നിറങ്ങളിലുള്ള സ്വിച്ചുകൾ അടങ്ങിയിരിക്കുന്നു. സംസാരിക്കാൻ അഭ്യർത്ഥിക്കാൻ ഉപയോഗിക്കുന്ന ചാരനിറത്തിലുള്ള സ്വിച്ചാണ് ഇതില്‍ പ്രധാനം. ഒരു അംഗം സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ, ചാരനിറത്തിലുള്ള ബട്ടൺ അമർത്തി സ്പീക്കറോട് ഇക്കാര്യം സൂചിപ്പിക്കാൻ കൈ ഉയർത്തണമെന്നും മാനുവൽ വ്യക്തമാക്കുന്നു.
അംഗത്തിന് സംസാരിക്കാൻ സ്പീക്കറുടെ അനുമതി ലഭിച്ചാലേ കൺട്രോൾ റൂമിൽ നിന്ന് മൈക്ക് പ്രവർത്തനക്ഷമമാകൂ. അനുമതി ലഭിക്കുമ്പോള്‍ മൈക്കിലെ എല്‍ ഇ ഡി റിംഗും മൈക്രോഫോണിന് മുകളിലുള്ള എല്‍ ഇ ഡിയും ചുവന്ന നിറത്തില്‍ പ്രകാശിക്കുന്നു. അതായത് മൈക്കിന്റെ നിയന്ത്രണം കണ്‍ട്രോള്‍ റൂമിലുള്ളവരുടെ കൈവശമാണ്.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നതിനിടെ തൻ്റെ മൈക്ക് സ്വിച്ച് ഓഫ് ചെയ്തതായി രാഹുൽ ഗാന്ധി അവകാശപ്പെട്ടതിനെ തുടർന്നാണ് പാർലമെൻ്റ് മൈക്കിനെ ചുറ്റിപ്പറ്റിയുള്ള വിവാദം ഉയർന്നത്.
“ഞാൻ മൈക്ക് സ്വിച്ച് ഓഫ് ചെയ്യുന്നില്ല, എൻ്റെ കയ്യിൽ ബട്ടണില്ല.” എന്നായിരുന്നു സ്പീക്കർ അന്നും മറുപടി നല്‍കിയത്.
ഇതാദ്യമായല്ല രാഹുല്‍ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. 2022 സെപ്തംബർ മുതൽ 2023 ജനുവരി വരെ നടന്ന ഭാരത് ജോഡോ യാത്രയിൽ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പാർലമെൻ്റിൽ സംസാരിക്കാൻ പോലും അനുവദിക്കാതെ സർക്കാർ പ്രതിപക്ഷത്തിൻ്റെ ശബ്ദം “ഞെരുക്കുന്ന”തിനാലാണ് തെരുവിലിറങ്ങാൻ താൻ നിർബന്ധിതനായതെന്നായിരുന്നു രാഹുല്‍ പല തവണയായി വ്യക്തമാക്കിയത്.
2023 മാർച്ചിൽ, തൻ്റെ മൈക്രോഫോൺ മൂന്ന് ദിവസത്തേക്ക് നിശബ്ദമാക്കിയിരിക്കുകയാണെന്ന് അവകാശപ്പെട്ട് അന്നത്തെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അധീർ രഞ്ജൻ ചൗധരിയും സ്പീക്കർക്ക് കത്ത് എഴുതിയിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്പീക്കർ തലകുനിച്ച് വണങ്ങിയതിനേയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. “സ്പീക്കർ സർ, നിങ്ങളെ കസേരയിലേക്ക് ആനയിക്കുന്ന സമയത്ത്, ഞാൻ നിങ്ങളോടൊപ്പം വന്നു. നിങ്ങളാണ് ലോക്സഭയുടെ അന്തിമ മദ്ധ്യസ്ഥൻ. ഞാന്‍ നിങ്ങള്‍ക്ക് നേരെ കൈ നീട്ടിയപ്പോള്‍ നിങ്ങള്‍ നേരെ നിന്നുകൊണ്ട് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. എന്നാല്‍ പ്രധാനമന്ത്രി നിങ്ങള്‍ക്ക് ഷേക്ക് ഹാന്‍ഡ് തരുമ്പോള്‍ നിങ്ങള്‍ തലകുനിച്ചു”, രാഹുല്‍ ഗാന്ധി പറഞ്ഞു.