അമ്മ’ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെ വിമർശിച്ച നടൻ അനൂപ് ചന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നായിരുന്നു ഒരഭിമുഖത്തിൽ അനൂപ് ചന്ദ്രൻ പ്രതികരിച്ചത്. യുവനടന്മാരിൽ സെൽഫിഷ് ആയ ആളുകളിൽ പ്രധാനി ഫഹദ് ആണെന്നും ‘അമ്മ’ യോഗം നടക്കുമ്പോൾ കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും ഫഹദ് വരാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അനൂപ് പറഞ്ഞിരുന്നു. അനൂപിന്റെ ഇൗ പ്രസ്താവനകൾക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം അരങ്ങേറുന്നത്.
ഒരാളോട് വിശദീകരണം ചോദിക്കാതെ ഇത്തരണം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഫഹദ് മാത്രമല്ല ‘അമ്മ’ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും നിവിനും ദുൽക്കറും പൃഥ്വിയും ഉൾപ്പടെയുള്ള യുവതാരങ്ങൾ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ യോഗത്തിൽ വരാത്തവരെ നിർബന്ധിച്ചു കൊണ്ടു വരുന്നതെന്തിനാണെന്നും വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് വരാതിരിക്കാനുള്ള സ്വാതന്ത്ര്യമെന്നും ഫഹദിനെ അനുകൂലിക്കുന്നവർ പറയുന്നു. ഫഹദ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും ഇക്കൂട്ടർ കൂട്ടിച്ചേർക്കുന്നു.
കോടികൾ ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥ: ഫഹദിനെതിരെ പറഞ്ഞ അനൂപിന് വിമർശനപ്പെരുമഴ
