പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി അമീർ സുപ്രീം കോടതിയെ സമീപിച്ചു.
വധശിക്ഷക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹർജി.
നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് വിചാരണക്കോടതി 2017 ൽ വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ മെയ് 20 നാണ് ഹൈക്കോടതി ഈ വിധി ശരിവെച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുൾ ഇസ്ലാമിനെ ഹൈക്കോടതി വധശിക്ഷക്ക് വിധിച്ചത്. ഡിഎൻഎ അടക്കം സർക്കാർ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തിൽ പരാമർശിച്ചിരുന്നു.
വിദ്യാർത്ഥിനിയുടെ കൊലപാതകം; വധശിക്ഷക്കെതിരെ അമീർ സുപ്രീം കോടതിയിൽ
