Headlines

മൂന്നാം മാസം മുതൽ 18 വയസു വരെയുള്ള ശസ്ത്രക്രിയ യാത്ര! ചിത്രങ്ങളുമായി അശ്വിൻ കുമാർ

മലയാളികൾക്ക് സുപരിചിതനായ താരമാണ് അശ്വിൻ കുമാർ. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ മുരളി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അശ്വിൻ കുമാറിനെ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്. പിന്നീട് രണം, ആഹാ തുടങ്ങീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അശ്വിൻ നടത്തിയത്.

ഇപ്പോഴിതാ തന്റെ മുച്ചുണ്ട് (Hare Lip) ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അശ്വിൻ. തനിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോൾ ആരംഭിച്ചതാണ് ഈ യാത്രയെന്നും ചിത്രങ്ങൾ പങ്കുവെച്ച് അശ്വിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 1987 മുതൽ 2006 വരെ സർജറികളിലൂടെ കടന്നുപോയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു.

അശ്വിന്റെ വാക്കുകൾ “1987 മുതൽ 2006 വരെ… ശസ്ത്രക്രിയകളിലൂടെയുള്ള എന്റെ യാത്ര 1987ൽ, എനിക്കു മൂന്നുമാസം പ്രായമുള്ളപ്പോൾ ആരംഭിച്ചതാണ്. എന്റെ അടുത്ത ശസ്ത്രക്രിയ ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു. 2006ൽ എനിക്കു 18 വയസ്സു തികഞ്ഞപ്പോൾ ആയിരുന്നു പ്രാധാന ശസ്ത്രക്രിയ. അന്നു ഞാൻ കോളേജിൽ ഫസ്റ്റ് ഇയർ വിദ്യാർത്ഥി.

ആറു മണിക്കൂർ നീണ്ട മേജർ സർജറി ആയിരുന്നു. എൻ്റെ മാതാപിതാക്കൾ, മുത്തശ്ശിമാർ, ശസ്ത്രക്രിയാ വിദഗ്ധർ, അടുത്ത സുഹൃത്തുക്കൾ, പ്രപഞ്ചശക്തികൾ… അവരോടൊക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്. വാക്ക്മാനിൽ പ്ലേ ചെയ്യുന്ന ഗാനം നായകനിലെ തേൻപാണ്ടി ചീമയിലേ ആണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുരക്ഷാ നടപടിയെന്ന വണ്ണം എൻ്റെ ഇരു കൈകളിലും കാസ്റ്റുകൾ ഉണ്ടായിരുന്നു. പക്ഷേ ഈ ഗാനം എന്നെ ശാന്തനാക്കും.” എന്നാണ് ഇൻസ്റ്റഗ്രാമിൽ അശ്വിൻ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *