ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ച മൂന്ന് നായകന്മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. കപില്‍ദേവിനും എംഎസ് ധോണിക്കും ശേഷം 2024ലാണ് ഈ നേട്ടം കൈവരിക്കുന്നത്. വെസ്റ്റ്ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് രോഹിതും സംഘവും ടി20 ലോകകപ്പ് ജേതാക്കളായത്. 11 വര്‍ഷമായി ഐസിസി കിരീടങ്ങളൊന്നും ഇന്ത്യക്ക് ലഭിച്ചിരുന്നില്ല.
ഇന്ത്യയുടെ കിരീട ക്ഷാമത്തിന് അറുതിവരുത്തിയ ശേഷം രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇതോടെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ രോഹിത് എത്രകാലമുണ്ടാവുമെന്ന സന്ദേഹങ്ങളും ഉയര്‍ന്നു. ഇതിന് സൂപ്പര്‍ താരം തന്നെ ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്.
ടെക്‌സാസിലെ ഡാളസില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെയാണ് സദസ്സില്‍ നിന്ന് ഈ ചോദ്യമുയര്‍ന്നത്. 2027ലെ ഏകദിന ലോകകപ്പില്‍ രോഹിത് കളിക്കുമോയെന്നാണ് സദസ്സിന് അറിയേണ്ടിയിരുന്നത്. ഏകദിന-ടെസ്റ്റ് ക്രിക്കറ്റില്‍ ഉടന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടി.