സൗദി പ്രൊ ലീഗ് ഫുട്ബോൾ 2024 – 2025 സീസണിനു മുന്നോടിയായി അൽ നസർ എഫ് സി (Al Nassr FC) പുതിയ ഒരു താരത്തെ സ്വന്തം തട്ടകത്തിൽ എത്തിച്ചു. ബ്രസീലിൽ നിന്നുള്ള പുതിയ കളിക്കാരന് പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബ് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം നൽകുകയും ചെയ്തു.
സൗദി പ്രൊ ലീഗിൽ 2018 – 2019 സീസണിനു ശേഷം കിരീടം നേടാൻ സാധിക്കാത്തതിന്റെ ക്ഷീണത്തിലാണ് അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസർ എഫ് സി. 2023 ജനുവരി ഒന്നിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വൻ തുക മുടക്കി സ്വന്തമാക്കി എങ്കിലും ഇതുവരെ കിരീട ദൗർഭാഗ്യം അവസാനിപ്പിക്കാൻ അൽ നസർ എഫ് സിക്കു സാധിച്ചിട്ടില്ല.
ബ്രസീൽ യുവ ഗോൾ കീപ്പറായ ബെന്റോ ആണ് അൽ നസർ എഫ് സി യിലേക്ക് പുതിയതായി എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ മുൻ ഗോൾ കീപ്പറായ ഡേവിഡ് ഡി ഹെയയെ ഉൾപ്പെടെ അൽ നസർ നോട്ടം വെച്ചിരുന്നു. കൊളംബിയൻ ഗോൾ കീപ്പറായ ഡേവിഡ് ഒസ്പിന അൽ നസർ വിട്ട് പുറത്തു പോയിരുന്നു. ഈ ഒഴിവിലേക്കാണ് 25 കാരനായ ബെന്റോ മത്തേവൂസ് എത്തുന്നത്.
ആറ് അടി മൂന്ന് ഇഞ്ചുകാരനായ ബെന്റോ 2020 മുതൽ ബ്രസീൽ ക്ലബ്ബായ എഫ് സി അത്‌ലെറ്റികൊ പരാനെൻസിനു വേണ്ടി ആയിരുന്നു ഗ്ലൗ അണിഞ്ഞിരുന്നത്. എഫ് സി അത്‌ലെറ്റികോ പരാനെൻസിനു വേണ്ടി ഇതുവരെ ആകെ 164 മത്സരങ്ങളിൽ താരം ഗോൾ വല കാത്തു. 164 മത്സരങ്ങളിൽ നിന്ന് 163 ഗോൾ മാത്രമാണ് ഈ യുവ ഗോൾ കീപ്പർ വഴങ്ങിയത്. മാത്രമല്ല, 59 മത്സരങ്ങളിൽ ക്ലീൻ ഷീറ്റും സ്വന്തമാക്കി.
കോപ്പ ലിബർട്ടഡോറസിൽ 23 മത്സരങ്ങൾ കളിച്ചതിൽ 21 ഗോൾ മാത്രമാണ് വഴങ്ങിയത്. അതിൽ 10 മത്സരങ്ങളിൽ ക്ലീൻ ഷീറ്റും ആയിരുന്നു. 2023 – 2024 സീസണിൽ വിവിധ പോരാട്ടങ്ങളിലായി 27 മത്സരങ്ങൾ കളിച്ചതിൽ 14 ക്ലീൻ ഷീറ്റും ഈ യുവ ഗോൾ കീപ്പറിന് ഉണ്ട്