ഈ മാസാവസാനം ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഏകദിന ടീമിനെ രോഹിത് ശർമ നയിക്കുമ്പോൾ, ടി20 ടീമിന്റെ ക്യാപ്റ്റനായത് സൂര്യകുമാർ യാദവ് ആണെന്നതാണ് ശ്രദ്ധേയം. ഒട്ടേറെ മാറ്റങ്ങളാണ് ഏകദിന ടീമിലും ടി20 ടീമിലും ബിസിസിഐ വരുത്തിയിരിക്കുന്നത്. അതേ സമയം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞ ബിസിസിഐയുടെ തീരുമാനം ആരാധകരെ ചൊടിപ്പിച്ചു.
തന്റെ അവസാന ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ സെഞ്ചുറി നേടിയിരുന്ന സഞ്ജുവിനെ പ്രത്യേകിച്ച് കാരണം പോലുമില്ലാതെയാണ് ബിസിസിഐ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയത്. സഞ്ജുവിനെ തഴഞ്ഞത് വലിയ വാർത്തയാകുമ്പോൾ സഞ്ജുവിനേക്കാൾ അനീതി നേരിട്ട മറ്റൊരു ഇന്ത്യൻ താരവുമുണ്ട് എന്നതാണ് ശ്രദ്ധേയം. ടി20 യിൽ ഇന്ത്യക്ക് വേണ്ടി ഉജ്ജ്വല റെക്കോഡുള്ള താരത്തെ ടീമിൽ നിന്ന് തഴഞ്ഞത് ആരാധകരെ കട്ടക്കലിപ്പിലാക്കിയിട്ടുണ്ട്. ഇതിനെതിരെ ആരാധകരുടെ ചില ശ്രദ്ധേയ പ്രതികരണങ്ങൾ നോക്കാം.
ഇത്തവണത്തെ ടി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു മുപ്പത്തിമൂന്നുകാരനായ യുസ്വേന്ദ്ര ചഹൽ. എന്നാൽ ലോകകപ്പിൽ ഒരു മത്സരത്തിൽപ്പോലും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ താരത്തിന് ഇടം ലഭിച്ചില്ല. ടി20 ലോകകപ്പിന് പിന്നാലെ സിംബാബ്‌വെയിൽ നടന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ചഹലിനെ ഉൾപ്പെടുത്താൽ ബിസിസിഐ തയ്യാറായില്ല. ഇപ്പോളിതാ ശ്രീലങ്കക്കെതിരായ പരമ്പരയിലും അദ്ദേഹത്തെ ടീമിൽ നിന്ന് തഴഞ്ഞിരിക്കുകയാണ്. ടി20 യിൽ ഉജ്ജ്വല റെക്കോഡുള്ള ചഹലിനോട് ഇന്ത്യൻ സെലക്ടർമാർ കാണിക്കുന്നത് വലിയ നീതികേടു തന്നെ.