കൊച്ചി: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധയെന്ന സംശയം ഉയർന്നിരിക്കുകയാണ്. പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരന് രോഗബാധയുണ്ടോയെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. പ്രദേശത്ത് നിപ പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് നിപ വൈറസെന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ എന്നും തുടങ്ങി നിരവധി സംശയങ്ങൾ ആളുകൾക്ക് ഉണ്ടായേക്കാം. നിപ വൈറസ് ബാധയെക്കുറിച്ച് വിശദമായി അറിയാം.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍എന്‍എ വൈറസ് ആണ്. നപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം പകരുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന പാനീയങ്ങളും, വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
പനിയോട് കൂടിയുള്ള ശരീരവേദന, ക്ഷീണം, ചുമ, തൊണ്ട വേദന എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതനുസരിച്ച് ചർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവയുണ്ടാകാം. യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.