കണ്ണൂർ: കണ്ണൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) കടന്നുവന്ന വഴികൾ തേടി ആരോഗ്യവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം. കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തത്ക്കാലത്തേക്ക് പൂർണമായും ആരോഗ്യവകുപ്പ് വിലക്കി. ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് വെള്ളിയാഴ്ച്ചയാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ നിർദേശം നൽകിയിട്ടുണ്ട്. രോഗബാധയെ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം കാരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശിച്ചു. ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെസി സച്ചിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ ജലം സാംപിൾ പരിശോധനയ്‌ക്കെടുത്തത്.
രോഗബാധയെ തുടർന്ന് ആദ്യം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ അഡി. ഡിഎംഒ ഡോ. കെസി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.