മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനിയാഴ്ച പുലർച്ചെ മുതൽ രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികൾ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിപ ചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബിൽനിന്ന് അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെഎംഎസ്‍സിഎല്ലിന് നിർദേശം നൽകിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡ്ഡുള്ള ഐസിയുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
രോഗിയുമായി സമ്പർക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗബാധയുടെ പ്രഭവകേന്ദ്രം പാണ്ടിക്കാട് ആണ്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും.